ADVERTISEMENT

പാലക്കാട്∙ സന്ദീപ് വാരിയരെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ചർച്ച ആരംഭിച്ചത് ബുധനാഴ്ച രാത്രിയെന്ന് ചർച്ചകൾ‌ക്ക് മധ്യസ്ഥത വഹിച്ച അധ്യാപക സംഘടന നേതാവ് ഹരിഗോവിന്ദൻ. ബിജെപി വിട്ട് കോൺഗ്രസിലേക്ക് വരുമ്പോൾ സംരക്ഷണം വേണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിരുന്നു. ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ് മുറിയിൽ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് സന്ദീപിന് എങ്ങനെ പോകാൻ കഴിയുമെന്ന് താൻ ചോദിച്ചു. ആ ചോദ്യം സന്ദീപിനെ വിഷമിപ്പിച്ചു. സന്ദീപ് ചോദിക്കുന്നത് പാർട്ടി നൽകണം. മുഖ്യമന്ത്രിയുടെ അടുത്തേക്ക് സന്ദീപിനെ കൊണ്ടുപോകാനായിരുന്നു സിപിഎം പദ്ധതി. അദ്ദേഹവുമായി ചർച്ച നടത്തിയ ശേഷം സന്ദീപിന്റെ സിപിഎം പ്രവേശനം എന്നായിരുന്നു തിരക്കഥ. ആ തിരക്കഥയാണ് തങ്ങൾ പൊളിച്ചതെന്നും ഹരിഗോവിന്ദൻ മനോരമ ഓൺലൈനോട് പറഞ്ഞു. 

∙ സന്ദീപ് വാരിയരെ കോൺഗ്രസിലേക്ക് എത്തിച്ച ചർച്ചകളുടെ ഇടനിലക്കാരൻ താങ്കളായിരുന്നല്ലോ. എങ്ങനെയായിരുന്നു ചർച്ചയെന്ന് വിശദീകരിക്കാമോ ?
എനിക്ക് പാലക്കാട് വെസ്റ്റ് മണ്ഡലത്തിന്റെ ചാർജാണ്. അവിടെ നമുക്ക് പ്രവർത്തകർ കുറവാണ്. ബിജെപിയ്ക്ക് നല്ല സ്വാധീനമുള്ള പ്രദേശമാണ് ഇവിടം. അതിന്റെ അടിസ്ഥാനത്തിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ആരെയൊക്കെ കൊണ്ടുവരാം എന്ന ചർച്ച നേരത്തെ നടന്നിരുന്നു. ബിജെപിയുടെ ഓപ്പറേഷൻ കമലിനു പകരമായി ഓപ്പറേഷൻ ഹസ്ത നടത്തുന്നതിനെപ്പറ്റി ഞങ്ങൾ ആലോചിച്ചിരുന്നു. ആ ചർച്ചയാണ് സന്ദീപിലേക്ക് എത്തിയത്. സന്ദീപ് സിപിഎമ്മിൽ‌ ചേരാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ നമ്മൾ ശ്രമിച്ചു നോക്കിയതാണ്. കോൺഗ്രസ് നേതൃത്വം എന്നോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.

sandeep-harigovindan
1. സന്ദീപ് വാരിയർ, 2. പി. ഹരിഗോവിന്ദൻ (Photo : Facebook)

∙ ആരാണ് സന്ദീപിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ ആദ്യം ആവശ്യപ്പെട്ടത്?
ആദ്യം ആര് ആവശ്യപ്പെട്ടു എന്നതിൽ പ്രസക്തിയില്ല. കോൺഗ്രസ് നേതൃത്വമാണ് ആവശ്യപ്പെട്ടത്. സന്ദീപിന്റെ അമ്മ എനിക്കൊപ്പം ഞങ്ങളുടെ അധ്യാപക സംഘടനയിലെ പ്രവർത്തകയായിരുന്നു. അവരുമായി നല്ല ബന്ധമായിരുന്നു. സന്ദീപ് ബിജെപിയിൽ ഉള്ളപ്പോഴും അവരുടെ വീട്ടിൽ ഞാൻ സ്ഥിരമായി പോകുമായിരുന്നു. അമ്മ അസുഖമായി കിടന്നപ്പോഴും പലപ്പോഴും കാണാൻ പോയിരുന്നു. സന്ദീപിന്റെ കുടുംബം കോൺഗ്രസാണ്. നിങ്ങൾ സിപിഎമ്മിലേക്ക് അല്ല കോൺഗ്രസിലേക്കാണ് വരേണ്ടതെന്ന് ഞാൻ സന്ദീപിനോട് പറഞ്ഞു.

∙ സന്ദീപിന്റെ മറുപടി എന്തായിരുന്നു?
സന്ദീപ് കോൺഗ്രസിലേക്ക് വരുന്നതിൽ വിസമ്മതം ഒന്നും പറഞ്ഞില്ല. ബിജെപി വിട്ട് കോൺഗ്രസിലേക്ക് വരുമ്പോൾ അദ്ദേഹത്തിന് നല്ല സംരക്ഷണം കൊടുക്കണം. ആ ഉറപ്പ് വേണമായിരുന്നു. സിപിഎമ്മിനെ പോലെ കേഡ‍ർ പാർട്ടിയൊന്നും അല്ലല്ലോ കോൺഗ്രസ്. സിപിഎമ്മിലേക്ക് പോകാമെന്ന് പറഞ്ഞില്ലെങ്കിലും സിപിഎം നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു. ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ് മുറിയിൽ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് സന്ദീപിന് എങ്ങനെ പോകാൻ കഴിയുമെന്ന് ഞാൻ ചോദിച്ചു. അധ്യാപകൻ എന്ന നിലയ്ക്ക് എനിക്കത് ഉൾക്കൊള്ളാൻ കഴിയില്ല. സന്ദീപ് തന്നെ ചിന്തിക്കണമെന്ന് ഞാൻ പറ‍ഞ്ഞു. ആ ചോദ്യം അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചു. അങ്ങനെയാണ് സിപിഎം നേതാക്കളുമായുള്ള സംസാരത്തിൽ നിന്നും അദ്ദേഹം ഒരു സ്റ്റെപ്പ് പിന്നോട്ട് വയ്ക്കുന്നത്.

∙ സിപിഐയുമായി സന്ദീപ് ചർച്ച നടത്തിയിരുന്നോ?
സിപിഎമ്മുമായി എന്നാണ് എന്നോട് പറഞ്ഞത്.

∙ സന്ദീപിനെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ചർച്ച എത്ര നാളാണ് നടന്നത് ?
ബുധനാഴ്ച രാത്രിയാണ് ആദ്യ ചർച്ച നടന്നത്. മാരത്തോൺ ചർച്ചകളായിരുന്നു. ശനിയാഴ്ച രാവിലെ സന്ദീപ് കോൺഗ്രസിലേക്കെത്തി.

∙ സന്ദീപിനെ കൊണ്ടേവരൂവെന്ന് നേതൃത്വത്തിന് ഉറപ്പു നൽകിയിരുന്നോ?
ഞാൻ ശ്രമിക്കാം എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ.

∙കോയമ്പത്തൂർ ചർച്ച എങ്ങനെയായിരുന്നു?
ഞാൻ ഫോണിൽ സംസാരിച്ചപ്പോൾ സന്ദീപ് നാട്ടിൽ ഇല്ലായിരുന്നു. അദ്ദേഹം ബെംഗളൂരുവിലായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് സമയമായതിനാൽ ഞങ്ങൾക്ക് അങ്ങോട്ടേക്ക് പോകാൻ സമയമില്ലായിരുന്നു. അങ്ങനെയാണ് ചർച്ച കോയമ്പത്തൂരിലായത്. ഞാനും എഐസിസി സെക്രട്ടറി മോഹനനുമാണ് കോയമ്പത്തൂർ ചർച്ചയിൽ പങ്കെടുത്തത്.

∙ മുഖ്യമന്ത്രി തങ്ങിയ പാലക്കാട്ടെ ഹോട്ടലിലായിരുന്നല്ലോ ബാക്കി ചർച്ചകൾ?
മുഖ്യമന്ത്രിയുടെ അടുത്തേക്ക് സന്ദീപിനെ കൊണ്ടുപോകാനായിരുന്നു സിപിഎം പദ്ധതി. അദ്ദേഹവുമായി ചർച്ച നടത്തിയ ശേഷം സന്ദീപിന്റെ സിപിഎം പ്രവേശനം എന്നായിരുന്നു സിപിഎം തിരക്കഥ. ആ തിരക്കഥയാണ് ഞങ്ങൾ പൊളിച്ചത്. മുഖ്യമന്ത്രി താമസിച്ച ഹോട്ടലിലാണ് ദീപാ ദാസ് മുൻഷി താമസിക്കുന്നത്. അങ്ങനെയാണ് അവിടെ ചർച്ച നടന്നത്. മുഖ്യമന്ത്രി ഹോട്ടലിൽ എത്തുന്നതിനു നിമിഷങ്ങൾക്ക് മുൻപായിരുന്നു ഞങ്ങൾ അവസാന പദ്ധതി തയാറാക്കിയത്.

∙ പാലക്കാട്ടെ സിപിഎം സ്ഥാനാർഥിയായ സരിൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് മത്സരിച്ചത് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചാണെന്നും അത് ഹരിഗോവിന്ദിനു നൽകിയ സീറ്റ് ആണെന്നും അന്ന് കെപിസിസി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അടുത്തിടെ പറഞ്ഞിരുന്നു?
എന്റെ പേര് അവിടെ പ്രഖ്യാപിച്ചതാണല്ലോ. പ്രഖ്യാപനം വന്ന സമയത്ത് സരിൻ ഡൽഹിയിലേക്ക് പോയി. അന്നത്തെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റിനെ സ്വാധീനിച്ച് രാഹുൽ ഗാന്ധിയുടെ അപ്പോയ്മെന്റ് വാങ്ങി. എന്റെ സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധം ഒന്നുമില്ലല്ലോ എന്നായിരുന്നു എഐസിസി പറഞ്ഞത്. സരിൻ അദ്ദേഹത്തിന്റെ ആൾക്കാരെ കൊണ്ട് പ്രതിഷേധം നടത്തിപ്പിച്ചു. അതിന്റെ വിഡിയോ എഐസിസിയിൽ എത്തിച്ചു. താൻ ഒറ്റപ്പാലംകാരൻ ആണെന്നും സരിൻ എഐസിസിയെ തെറ്റിദ്ധരിപ്പിച്ചു.

∙ സരിനു പകരം സന്ദീപിനെ അടുത്ത തവണ ഒറ്റപ്പാലത്ത് പരിഗണിക്കും എന്നാണ് വാർത്തകൾ. അങ്ങനെയെങ്കിൽ താങ്കളുടെ കാര്യമല്ലേ പരുങ്ങലിൽ ആകുന്നത്?
സന്ദീപിന് അതിനുള്ള അർഹതയുണ്ട്. അദ്ദേഹം ചോദിക്കുന്നത് പാർട്ടി നൽകണം.

∙ അപ്പോൾ ത്യജിക്കാൻ താങ്കൾ തയാറാണോ ?
പാർട്ടി പറയുന്നതേ ഞാൻ അനുസരിക്കൂ. അതിനപ്പുറം ഒന്നുമില്ല.

English Summary:

Sandeep Varier's Journey to Congress: An Exclusive Interview with the Man Who Made It Happen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com