ADVERTISEMENT

തിരുവനന്തപുരം∙ ഒരുമാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ അമ്മു സജീവ് (21) നഴ്സിങ് കോഴ്സ് പഠിച്ചിറങ്ങാന്‍. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ് വിദ്യാര്‍ഥിയും തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകളുമായ അമ്മു ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത് വെള്ളിയാഴ്ചയാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.

ഹോസ്റ്റലിലെ സഹവിദ്യാര്‍ഥികളുടെ പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്. ഹോസ്റ്റലിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ അമ്മു സജീവിന്‍റെ പിതാവ് നേരത്തെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിച്ചുവരികയായിരുന്നെന്ന് കോളജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മുവിനെ സഹപാഠികളിൽ ചിലർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് കുടുംബം പറയുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് അമ്മു മരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് മാതാപിതാക്കളുമായും സഹോദരനുമായും ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. അതിനാല്‍ ആത്മഹത്യയാണോയെന്നതിലും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വീഴ്ചയിൽ കാലിനു സാരമായി പരുക്കേറ്റിരുന്നു. റഫർ ചെയ്യുന്ന കാര്യം വീട്ടുകാരെ അറിയിച്ചപ്പോൾ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചു. തുടർന്ന് ഐസിയു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു. പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബത്തിന്റെ ആരോപണങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്ന് കോളജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.

English Summary:

The family of the 21-year-old nursing student accuses of mysteriousness in the death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com