വിഷപ്പുകയിൽ മുങ്ങി ഡൽഹി; ഗ്രാപ്4 നിയന്ത്രണങ്ങൾ നടപ്പാക്കി, 160ലേറെ വിമാനങ്ങൾ വൈകി
Mail This Article
ന്യൂഡൽഹി∙ ശൈത്യം തീവ്രമാവുകയും വായു ഗുണനിലവാരം 'ഗുരുതര'മായി തുടരുകയും ചെയ്യുന്ന ഡൽഹിയിൽ വിമാന, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കാഴ്ചക്കുറവു കാരണം ഡൽഹി വിമാനത്താവളത്തിൽ 160ലേറെ വിമാനങ്ങൾ വൈകിയതായി വ്യോമഗതാഗത നിരീക്ഷണ ഏജൻസി ഫ്ലൈറ്റ്റഡാർ 24 റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 8.30 വരെയുള്ള കണക്കാണിത്. 7 വിമാനങ്ങൾ റദ്ദാക്കി. വിമാനങ്ങളുടെ പുറപ്പെടൽ ശരാശരി 20 മിനിറ്റിലേറെ വൈകുന്നുണ്ടെന്നും ഫ്ലൈറ്റ്റഡാർ 24 പറയുന്നു. കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹി, ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട 28 ട്രെയിനുകൾ 2 മുതൽ 9 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്.
വായു ഗുണനിലവാര തോത് മോശം നിലയിലാകുകയും ശൈത്യം ശക്തമാകുകയും ചെയ്തതോടെ ഡൽഹിയിൽ സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ചിരുന്നു. ഇന്നു രാവിലെ 8 മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഡൽഹിയിൽ 10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകൾക്കും മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈനായി ക്ലാസുകൾ എടുക്കാം. അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എൽഎൻജി, സിഎൻജി, ഇലക്ട്രിക് ട്രക്കുകൾക്ക് ഇളവുണ്ട്. ഹൈവേകൾ, റോഡുകൾ, മേൽപാലങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കും.
കോളജുകളിലെയും റഗുലർ ക്ലാസ് ഒഴിവാക്കി ഓൺലൈനാക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50% പേർക്കെങ്കിലും വർക്ക് ഫ്രം ഹോം നൽകണം. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക, റജിസ്ട്രേഷൻ നമ്പറുകളുടെ ഒറ്റ-ഇരട്ട അടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. കുട്ടികൾ, പ്രായമായവർ, ശ്വാസകോശ രോഗികൾ, ഹൃദ്രോഗികൾ, മറ്റു വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഔട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ കഴിയണമെന്നും നിർദേശമുണ്ട്.
അതേസമയം, മലിനീകരണ നിയന്ത്രണ നടപടികളെടുക്കാൻ വൈകിയതിൽ ഡൽഹി സർക്കാരിനെ സുപ്രീംകോടതി വിമർശിച്ചു. വായു ഗുണനിലവാര സൂചിക 300 കടക്കുന്നതുവരെ എന്തിനാണ് കാത്തിരുന്നതെന്ന് കോടതി ചോദിച്ചു. എന്തു നടപടിയാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയണം. വായു ഗുണനിലവാരം 450 ൽ താഴെയായാലും ഗ്രാപ്–3 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരണമെന്നും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് കോടതിയുടെ അനുമതിയോടെ ആകണമെന്നും ജസ്റ്റിസ് എ.എസ്.ഒക, എ.ജി. മസീഹ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.