ADVERTISEMENT

ചെന്നൈ ∙ തെലുങ്കരെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ നടി കസ്തൂരിയെ ഹൈദരാബാദിൽനിന്ന് അറസ്റ്റു ചെയ്തത് ജോലിക്കാരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഹൈദരാബാദിൽ പ്രശസ്ത നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു നടി. അവിടെയെത്തിയ പൊലീസ് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി അതിനു വിസമ്മതിച്ച് തർക്കിച്ചു.

വിവരം ശേഖരിക്കാൻ മാത്രമാണ് വന്നതെന്ന് പൊലീസ് പറഞ്ഞതോടെ വാതിൽ തുറന്നു. അറസ്റ്റ് രേഖപ്പെടുത്തി ചെന്നൈയിൽ എത്തിച്ച് റിമാൻഡ് ചെയ്തു. എഗ്‌മൂർ പൊലീസ് സമൻസുമായി കസ്തൂരിയുടെ പോയസ് ഗാർഡനിലുള്ള വീട്ടിലെത്തിയപ്പോഴാണു നടി മുങ്ങിയതായി അറിഞ്ഞത്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണു പ്രത്യേക സംഘം രൂപീകരിച്ചത്. അന്വേഷണത്തിൽ നടി ഹൈദരാബാദിലേക്കു കടന്നെന്നും പ്രശസ്ത നിർമാതാവിന്റെ വീട്ടിലുണ്ടെന്നും വിവരം ലഭിച്ചു.

ഹൈദരാബാദിൽ കസ്തൂരി കഴിഞ്ഞിരുന്ന വീട്ടിലെ ജോലിക്കാരെ കണ്ടെത്തിയ പൊലീസ് അവരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. നടി വീട്ടിലുണ്ടെന്നും പുറത്തിറങ്ങാറില്ലെന്നും ഉറപ്പിച്ചതോടെ പൊലീസ് അവിടെയെത്തി. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി അതിനു വിസമ്മതിച്ച് പൊലീസുമായി തർക്കിച്ചു. ഏതാനും ചില വിവരങ്ങൾ ശേഖരിക്കാൻ വന്നതാണെന്നു പൊലീസ് വിശ്വസിപ്പിച്ചതോടെയാണു വാതിൽ തുറന്നത്. തുടർന്നു പൊലീസ് അവരെ അറസ്റ്റ് ചെയ്തു. നടിയെ പിടികൂടിയ സമയത്ത് ഹൈദരാബാദ് പൊലീസും ഒപ്പമുണ്ടായിരുന്നു.

ഹൈദരാബാദിൽനിന്നു റോഡ് മാർഗം നടിയെ ചെന്നൈയിലെത്തിച്ചു. ചിന്താദ്രിപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തു. മെഡിക്കൽ പരിശോധന അടക്കം പൂർത്തിയാക്കിയ ശേഷം എഗ്‌മൂർ കോടതിയിൽ ഹാജരാക്കി. തന്റെ കുട്ടിയെ നോക്കാൻ മറ്റാരുമില്ലെന്നും റിമാൻഡ് ചെയ്യരുതെന്നും കസ്തൂരി വാദിച്ചെങ്കിലും 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുകയാണ് എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പൊലീസ് കേസെടുത്തപ്പോഴാണ് നടി ഒളിവിൽപോയത്. 

English Summary:

Actress Kasthuri arrest hate speech case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com