ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടിൽ മലയാളിയടക്കം രണ്ടു പേർ മരിച്ചു
Mail This Article
തിരുച്ചെന്തൂർ∙ ക്ഷേത്രത്തിലെ അന്ന ദാനത്തിനിടെ ആനയുടെ ആക്രമണത്തിൽ മലയാളിയടക്കം രണ്ടു പേർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് തമിഴ്‌നാട്ടിലെ തിരുച്ചെന്തൂർ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആനയായ ദേവനൈയ്ക്ക് ഭക്ഷണം നൽകുന്നതിനിടെ പെട്ടെന്ന് പ്രകോപിതനാകുകയും പാപ്പാനെയും ബന്ധുവിനെയും ആക്രമിക്കുകയുമായിരുന്നു. ചെയ്തു. ആനയുടെ പാപ്പാനായ മാവുത്ത് ഉദയകുമാറും (45) ഇയാളുടെ ബന്ധുവായ പാറശാല സ്വദേശി ശിശുപാലനുമാണ് (55) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തിരുച്ചെന്തൂരിൽ എത്തിയ ശിശുപാലൻ ആനയുടെ സമീപത്ത് നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. ആന ശിശുപാലനെ ചവിട്ടി വീഴ്ത്തി. ശിശുപാലനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാനായ ഉദയകുമാറിനെയും ആന ആക്രമിക്കുകയായിരുന്നു. തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ചടങ്ങുകളിലെ അവിഭാജ്യ ഘടകമായ ദൈവനൈയെ, വർഷങ്ങളായി ക്ഷേത്രത്തിലാണ് വളർത്തുന്നത്. ഉത്സവ സമയങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്ന ചടങ്ങും സംഘടിപ്പിക്കാറുണ്ട്. ആനയ്ക്ക് മദപ്പാടുള്ള സമയമല്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ആന പെട്ടെന്ന് പ്രകോപിതനാകാനുള്ള കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ തിരുച്ചെന്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.