ADVERTISEMENT

ടെഹ്റാൻ∙ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ഖമനയിയുടെ പിൻഗാമി സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക തയാറായി. മൂന്നു പേരുടെ പട്ടികയാണ് തയാറാക്കിയതെന്ന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിക്കുന്ന വിദഗ്ധ സമിതി (അസംബ്ലി ഓഫ് എക്സ്പേർട്സ്) അറിയിച്ചു. അതേസമയം ഈ പേരുകൾ പുറത്തുവിട്ടിട്ടില്ല. ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ വിദഗ്ധ സമിതി അംഗം അബോൽഹസൻ മഹ്ദവി ഇക്കാര്യം പ്രഖ്യാപിച്ചത്.

വിദഗ്ധ സമിതിയുമായി നടന്ന കൂടിക്കാഴ്ചയിൽ, ആവശ്യം വന്നാൽ വളരെ വേഗം തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ തയാറായിരിക്കണമെന്ന് ഖമനയി സമിതിയോട് ആവശ്യപ്പെട്ടിരുന്നതായി ഇറാൻ മാധ്യമമായ ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന തോന്നലാണ് ഖമനയിയുടെ വാക്കുകളിലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, വിദഗ്ധ സമിതിയുടെ പ്രഖ്യാപനം എത്തിയതോടെ ഖമനയിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതല്‍ ശക്തമായി. ഖമനയി അബോധാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ ചുറ്റിപ്പറ്റിയാണ് ആശങ്കകൾ.  റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ ലബനനിലെ ഇറാൻ സ്ഥാനപതി മൊജ്താബ അമാനിയുമായി ഖമനയി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം ഖമനയിയുടെ എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാധ്യത ഇവർക്ക്

ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയുടെ പേരാണ് പിൻഗാമി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിൽ ഒന്ന്. 27 വർഷമായി ഇറാന്റെ സുപ്രധാന നയ രൂപീകരണങ്ങളിൽ മൊജ്താബയ്ക്ക് പങ്കുണ്ട്. ആയത്തുല്ല അലി ഖമനയിയുടെ ആറു മക്കളില്‍ രണ്ടാമനാണ് 55കാരനായ മൊജ്താബ ഖമനയി. ഖമനയിയുടെ വിശ്വസ്തനായ അലിറീസ അറാഫിയാണ് സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരാൾ. ഗാർഡിയൻ കൗൺസിൽ അംഗവും വിദഗ്ധ സമിതിയുടെ രണ്ടാം ഡപ്യൂട്ടി ചെയർമാനാണ് ഇദ്ദേഹം.

വിദഗ്ധ സമിതി ആദ്യ ഡപ്യൂട്ടി ചെയർമാൻ ഹാഷിം ഹുസൈനി ബുഷെഹ്രിയാണ് പട്ടികയിൽ ഉണ്ടാകുമെന്ന് കരുതുന്ന മറ്റൊരു മുഖം. ഇറാന്റെ പ്രഥമ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകനുമായ റൂഹള്ള ഖുമൈനിയുടെ പൗത്രരായ അലി ഖുമൈനി, ഹസൻ ഖുമൈനി എന്നിവരുടെ പേരും ഖമനയിയുടെ പിൻഗാമി സ്ഥാനത്തേക്ക് കേൾക്കുന്നുണ്ടെങ്കിലും ഇവർ വിദഗ്ധ സമിതിയിൽ അംഗമല്ലാത്തതിനാൽ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

English Summary:

Iran supreme leader Ayatollah Khamenei succession speculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com