ADVERTISEMENT

പാലക്കാട്∙ ഹൊ അതെന്തൊരു കാഴ്ചയായിരുന്നു! തൃശൂർ പൂരത്തിനു ഗജവീരന്മാരുടെ മുകളിൽ കുടമാറ്റം നടക്കുംപോലെ പാലക്കാട്ടിനെ ത്രസിപ്പിച്ച കലാശക്കൊട്ട്. ‘താളമേളം പാട്ടും കൂത്തും നാടിനാഘോഷം’ എന്ന സിനിമ ഗാനത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു നഗരത്തിലെ കാഴ്ചകൾ.

ചെറുപൂരം കണക്കെ ഉച്ചയോടെ സ്റ്റേ‍ഡിയം ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിലായി അനൗൺസ്മെന്റ് വാഹനങ്ങൾ. കലാപ്രകടനവുമായി ആദ്യം കളം പിടിച്ചത് ആർഎസ്പിയുടെ യുവജന സംഘടനയായ ആർവൈഎഫ്. സമയം ക്ലോക്കിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി ആയിട്ടേയുള്ളൂ. പിന്നെ ഒന്നൊന്നായി വിവിധ പാർട്ടികളിലെ അണികൾ വന്നും പോയുമിരുന്നു. കാണാൻ പോകുന്ന പൂരം കേട്ടറിയിക്കണോ എന്നാണ് പിന്നീട് പാലക്കാട്ടുകാർ ചോദിച്ചത്.

∙ ഉച്ചയ്ക്ക് 1 മണി

പൊലീസുകാർ സ്റ്റേഡിയം ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിലായി നിരന്നു. പരസ്യ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ വീടുകൾ കയറിയിറങ്ങി സ്ഥാനാർഥികൾക്കും നേതാക്കൾക്കും ഉച്ചഭക്ഷണം.

∙ 2.00

പ്രവർത്തകർ വിവിധ ഭാഗങ്ങളിലായി തമ്പടിക്കുന്നു.

∙ 3.00

ആദ്യമെത്തിയത് കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ ചെറുസംഘങ്ങൾ. പാർട്ടി പതാകകൾ വീശിയും മുദ്രാവാക്യം വിളിച്ചും പ്രകടനം. പിന്നാലെ തങ്ങൾക്ക് അനുവദിച്ചിരിക്കുന്നു പോയിന്റിൽ നിന്ന് കൊടിവീശി ഭാരത് മാതാ കീ ജയ് വിളിച്ച് ബിജെപിയുടെ മറുപടി.

∙ 3.15

ഉമ്മൻചാണ്ടിയുടെ ചിത്രമേന്തി കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം. ഉമ്മൻചാണ്ടി മരിച്ചിട്ടില്ലെന്ന് തൊണ്ടപൊട്ടും മുദ്രാവാക്യം. കണ്ടുനിന്ന പല കോൺഗ്രസ് പ്രവർത്തകരും ഏറ്റുവിളിച്ചു. ചിലരുടെ കണ്ണുകൾ നിറഞ്ഞു.

യുഡിഎഫിന്റെ കലാശകൊട്ടിനിടെ ഉമ്മൻചാണ്ടിയുടെ ചിത്രം ഉയർത്തിയപ്പോൾ. Photo: Special Arrangement
യുഡിഎഫിന്റെ കലാശകൊട്ടിനിടെ ഉമ്മൻചാണ്ടിയുടെ ചിത്രം ഉയർത്തിയപ്പോൾ. Photo: Special Arrangement

∙ 3.20

തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പോയിന്റ് നല്ലതല്ലെന്നും യുഡിഎഫിനും എൽഡിഎഫിനും നൽകിയത് ശ്രദ്ധ ലഭിക്കുന്ന സ്ഥലമെന്നും ബിജെപിയുടെ വിഷമം. പൊലീസുമായി വാക്കുതർക്കം.

∙ 3.25

വടം കെട്ടി പോയിന്റുകൾ തിരിച്ച് പൊലീസ്. അനുവദിച്ചിരിക്കുന്ന സ്ഥലം വിടരുതെന്ന് കർശന നിർദേശം.

∙ 3.45

ബിജെപി, കോൺഗ്രസ് ക്യാംപുകളിൽ ആൾക്കൂട്ടം നിറഞ്ഞു. ബാരിക്കേഡ് വച്ച് കെട്ടി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾ പൊലീസ് അടയ്ക്കുന്നു.

∙ 3.50

ബിജെപി ക്യാംപിൽ ചെണ്ടമേളം. പിന്നാലെ ബാൻഡ് മേളം, സ്ത്രീകളുടെ ശിങ്കാരി മേളം, വിളക്കുകെട്ട്.

പാലക്കാട് നടന്ന ബിജെപിയുടെ കലാശക്കൊട്ടിൽനിന്ന്. Photo: Special Arrangement
പാലക്കാട് നടന്ന ബിജെപിയുടെ കലാശക്കൊട്ടിൽനിന്ന്. Photo: Special Arrangement

∙ 4.00

കോൺഗ്രസ് ക്യാംപിൽ രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള പതാകകൾ വീശാൻ തുടങ്ങി. നാടൻപാട്ട് പാടി പ്രവർത്തകർ.

∙ 4.10

നൃത്തച്ചുവടുകളുമായി ബിജെപി പ്രവർത്തകർ. കൃഷ്ണകുമാറിന്റെ ചിത്രമുള്ള ബലൂണുകൾ.

∙ 4.25

കോൺഗ്രസ് ആഘോഷങ്ങളുടെ മുന്നിലേക്ക് കൊടിക്കുന്നിൽ സുരേഷ്, ബിന്ദുകൃഷ്ണ, വി.കെ. ശ്രീകണ്ഠൻ, വി.ടി.ബൽറാം. മുദ്രാവാക്യം വിളിച്ചും ചുവടുവച്ചും നേതാക്കൾ.

∙ 4.30

എൽഡിഎഫിന് അനുവദിച്ചിരിക്കുന്ന സ്ഥലത്തേക്ക് വർണബലൂണുകളുമായി പ്രവർത്തകരെത്തുന്നു.

പാലക്കാട് എൽഡിഎഫിന്റെ കലാശക്കൊട്ടിൽനിന്ന്. ചിത്രം: Special Arrangement
പാലക്കാട് എൽഡിഎഫിന്റെ കലാശക്കൊട്ടിൽനിന്ന്. ചിത്രം: Special Arrangement

∙ 4.40

കോൺഗ്രസ്, ബിജെപി ആഘോഷങ്ങൾ ഉച്ചസ്ഥായിയിൽ

∙ 5

സ്തെതോസ്കോപ്പ്, സരിന്റെ ചിത്രമുള്ള ടീ ഷർട്ട്, വിഡിയോ പ്രദർശനം അടക്കം ലേറ്റാ വന്താലും ലേറ്റസ്റ്റായി എൽഡിഎഫ്.

∙ 5.10

സി. കൃഷ്ണകുമാർ കലാശക്കൊട്ടിനെത്തുന്നു. ബിജെപി പ്രവർത്തകർ‌ ഇളകിമറിഞ്ഞു.

∙ 5.20

കോൺഗ്രസ് പ്രവർത്തകർ പടുകൂറ്റൻ ഫ്ലെക്സ് ബോർഡുകളും രാഹുലിന്റെ ഹോളോഗ്രാമും പുറത്തെടുക്കുന്ന. വമ്പൻ ഡാൻസ്, നെഞ്ചിടിപ്പിക്കുന്ന പാട്ട്.

പാലക്കാട് കലാശക്കൊട്ടിൽനിന്ന്. Photo: Special Arrangement
പാലക്കാട് കലാശക്കൊട്ടിൽനിന്ന്. Photo: Special Arrangement

∙ 5.30

പാലക്കാട്ടിനെ ഇളക്കിമറിച്ച് സരിന്റെ റോഡ് ഷോ കലാശക്കൊട്ട് വേദിയിലേക്ക്. ഒപ്പം മന്ത്രി എം.ബി. രാജേഷ്. മുന്നിൽ ബാൻഡ് മേളം, ഡാൻസ്. പാർട്ടി കേഡർമാർ, ആകെ ആഘോഷം.

∙ 5.35

രാഹുൽ കലാശക്കൊട്ടിനരികിലേക്ക്. യുഡിഎഫ് പ്രവർത്തകരുടെ ആവേശം അലകടലായി. രാഹുലിനൊപ്പം തുറന്ന ജീപ്പിൽ രമേശ് പിഷാരടി, സന്ദീപ് വാര്യർ. ഷാഫി പറമ്പിൽ, മുനവറലി ഷിഹാബ് തങ്ങൾ.

ക്രെയിനിൽ കയറി കൃഷ്ണകുമാർ. പിന്നാലെ ക്രെയിനിൽ സരിനും

∙ 5.45

എങ്ങും നൃത്തച്ചുവടുകൾ. വർണപേപ്പറുകൾ. ആഘോഷം അവസാനിക്കും മുന്നേയുള്ള മുദ്രാവാക്യം, നൃത്തം, വാക്പോര്.

∙ 5.50

രാഹുൽ മാങ്കൂട്ടത്തിലിനായി കുടമാറ്റം. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ജനദ്രോഹനയങ്ങളും, അഴിമതികളും, കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും തുറന്നു കാട്ടുന്ന കുടകളാണ് യുഡിഎഫ് പ്രവർത്തകർ മാറിമാറി ഉയർത്തി കാട്ടിയത്. ഇതിനിടയിൽ ബിജെപി-സിപിഎം ബാന്ധവം തുറന്നുകാട്ടുന്ന കുടകളും പ്രവർത്തകർ ഉയർത്തി.

∙ 6.00

ആവേശം അടങ്ങാൻ സൈറൺ മുഴക്കി കലാശക്കൊട്ടിന് സമാപനം. പാലക്കാട് ഇന്നേവരെ കണ്ട ഏറ്റവും വലിയ ജനാധിപത്യ ഉത്സവം ഇനി ക്ലൈമാക്സിലേക്ക് കടക്കുകയാണ്. ട്വിസ്റ്റുകൾ നിറഞ്ഞ സസ്പെൻസ് ത്രില്ലർ സിനിമ പോലെയായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പ്. 20നാണ് ക്ലൈമാക്സ് ചിത്രീകരണം, 23ന് പടം റിലീസ്.

English Summary:

Electrifying roadshows mark end of Palakkad bypoll public campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com