ADVERTISEMENT

ശബരിമല∙ തീർഥാടന വഴികളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തിച്ച്  അനുഭവ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്ന് ശബരിമല സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫിസർ കെ.ഇ.ബൈജൂ അറിയിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക സംസ്ഥാനങ്ങളിൽ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണിവർ. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് ശബരിമല പൊലീസ് സ്‌പെഷൽ ഓഫിസർ പറഞ്ഞു.   

പോക്കറ്റടിയുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണിത്തവണ റിപ്പോർട്ട് ചെയ്തത്. ഇത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടാകാറുള്ള അപ്പാച്ചിമേട് ഉൾപ്പെടെയുള്ള ഭാഗത്ത് പൊലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പൊലീസിനെ അറിയിക്കണം. അവയുടെ ലൊക്കേഷൻ കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള സംവിധാനം സന്നിധാനത്തെ പൊലീസ് സ്റ്റേഷനിൽ ഉണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്ന ചുമതല ഇപ്പോൾ സെപഷൽ ഓഫിസർക്കാണ്.

∙ പതിനെട്ടാംപടിയിലെ മാറ്റങ്ങൾ 

തന്ത്രിമാരുടെ ഉപദേശമുൾപ്പടെ തേടി ദേവസ്വം ബോർഡ് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം വരുത്തിയ മാറ്റങ്ങൾ ഇത്തവണ ഏറെ ഗുണം ചെയ്തതായി സ്‌പെഷൽ ഓഫിസർ പറഞ്ഞു. ഒരേസമയം 45 പൊലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ പടി ചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുതകുന്ന വിധത്തിൽ ലാഡർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഇത് ഒരുക്കിയതോടെ കൂടുതൽ ഭക്തരെ ഒരേ സമയം പടി കയറ്റി വിടാനാകുന്നുണ്ട്. മുൻപ് ഒരു കൈ വടത്തിൽ പിടിച്ച് മറുകൈ കൊണ്ടു വേണമായിരുന്നു പൊലീസുകാർക്ക് അയ്യപ്പൻമാരെ സഹായിക്കാനെങ്കിൽ ഇപ്പോൾ രണ്ടു കൈ കൊണ്ടും പടികയറാൻ സഹായിക്കാൻ കഴിയുന്നു. 

∙ ഭക്തരുടെ പ്രദക്ഷിണ വഴിയിൽ തടസ്സം ഉണ്ടാക്കില്ല

സോപാനത്തിനു മുൻപിലെത്തി തൊഴുതശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ എതിർ ദിശയിലെത്തി ആരെയും ദർശനത്തിനനുവദിക്കില്ല. വിഐപികൾ അടക്കമുള്ളവരെ ശ്രീകോവിലിന്റെ പിന്നിലെ മുറ്റം വഴി എത്തിച്ച് ഭക്തരുടെ നിരയ്ക്ക് സമാന്തരമായി മാത്രമേ ദർശന സൗകര്യമൊരുക്കുകയുള്ളൂ.

∙ ഭക്തരെ സഹായിക്കാൻ വൻ പൊലീസ് സംഘം

അയ്യപ്പ ഭക്തരെ സഹായിക്കാനും സുരക്ഷയൊരുക്കാനുമായി സന്നിധാനത്ത് പ്രവർത്തിക്കുന്നത് വൻ പൊലീസ് സംഘം. ശബരിമല സ്‌പെഷൽ ഓഫിസറുടെ നേതൃത്വത്തിൽ ഒരു അഡീഷനൽ എസ്‌പി, ഒരു എഎസ് ഒ, എട്ട് ഡിവൈഎസ്പിമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. 11 സർക്കിൾ ഇൻസ്‌പെക്ടർമാർ , 33 സബ് ഇൻസ്‌പെക്ടർമാർ,980 പൊലീസുകൾ എന്നിവരും സംഘത്തിലുണ്ട്. കൂടാതെ ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡ്, സായുധ കമാൻഡർമാർ, എൻഡിആർഎഫ്, ദ്രുതകർമസേന തുടങ്ങിയവയും പ്രവർത്തിക്കുന്നു.

English Summary:

Enhanced Security Measures Ensure Safe and Smooth Sabarimala Pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com