കൊച്ചി തീരത്ത് ഡ്രജർ കപ്പൽ റാഞ്ചിയെന്നു സന്ദേശം; നാവികസേനയുടെ കരുത്ത് അറിയിച്ച് ‘സീവിജിൽ’– വിഡിയോ
Mail This Article
കൊച്ചി ∙ കൊച്ചി തീരക്കടലിൽ കിടക്കുന്ന ‘നെഹ്റു ശതാബ്ദി’ എന്ന, ഹോപ്പർ ഡ്രജർ ഇനത്തിൽപ്പെട്ട കപ്പലിൽനിന്ന് ജോയിന്റ് ഓപ്പറേഷന്‍ സെന്ററിലേക്ക് രാവിലെ ഒരു സന്ദേശം, ഡ്രജിങ് ഷിപ്പ് തട്ടിയെടുത്തിരിക്കുന്നു. കേരള– ലക്ഷദ്വീപ് തീരത്തിന്റെ നിയന്ത്രണമുള്ള കൊച്ചി നാവിക ആസ്ഥാനത്താണ് ജോയിന്റ് ഓപ്പറേഷൻ സെന്റർ (ജെഒസി). ഉടനടി ഒരു ഹെലികോപ്റ്റർ പറന്നുയർന്നു. ഡ്രജിങ് ഷിപ്പിനു വലംവച്ച ഹെലികോപ്റ്ററിൽനിന്ന് വീണ്ടും സന്ദേശം പോയി: ‘വിവരം ശരിയാണ്’. വൈകാതെ മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിന്റെയും കസ്റ്റംസിന്റെയും ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ കപ്പലിനരികിലേക്ക്. തുടർന്ന്, കപ്പൽ തട്ടിയെടുത്തവർക്കുള്ള മുന്നറിയിപ്പും മോചന ശ്രമങ്ങളും. കപ്പൽ തട്ടിയെടുത്തവർ വഴങ്ങുന്നില്ലെന്നു വന്നതോടെ അടുത്ത സന്ദേശം ജെഒസിയിലിക്ക്.
പിന്നെ കാണുന്നത് ഇന്ത്യൻ നാവികസേനയുടെ ‘മാർക്കോസ്’ മറൈൻ കമാൻഡോ ഫോഴ്സ് പ്രത്യേകം സജ്ജമാക്കിയ അതിവേഗ ബോട്ടുകളിൽ കപ്പലിനരികിലേക്കു കുതിക്കുന്നതും കമാൻഡോകൾ കപ്പലിനെ മോചിപ്പിക്കുന്നതുമാണ്. ഇന്നു രാവിലെ കൊച്ചിയുടെ തീരക്കടലിൽ നടന്ന റാഞ്ചലും മോചിപ്പിക്കലും ‘സീവിജിൽ 24’ എന്ന നാവികസേനയുടെ പ്രത്യേക ‘ആക്രമണ പ്രതിരോധ’ മോക്ഡ്രില്ലിനു മുന്നോടിയായുള്ള ഒരുക്കങ്ങളുടെ പരീക്ഷണമായിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കേരള– ലക്ഷദ്വീപ് തീരത്ത് ‘സീവിജിൽ 24’ നടക്കുക. ഇതിന്റെ അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി നടന്ന പരിശോധനയായിരുന്നു ‘കപ്പൽ മോചിപ്പിക്കൽ’.
2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിനു പാക് ഭീകരർ എത്തിയത് കടലിലൂടെയാണ്. 7,500 കിലോമീറ്റർ വരുന്ന ഇന്ത്യൻ തീരമേഖല സംരക്ഷിക്കുക എന്ന വലിയ ദൗത്യത്തിന് വേഗം കൂട്ടിയത് ഇതിനു ശേഷമാണ്. ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2019 മുതൽ നടക്കുന്നതാണ് ‘സീവിജിൽ’. 2021ലും 2022ലും നടന്ന സീവിജിലിന്റെ നാലാം പതിപ്പ് ഇത്തവണ കൊച്ചി– ലക്ഷദ്വീപ് തീരത്താണ്. മുംബൈ മാതൃകയിൽ ഒരു ആക്രമണമുണ്ടായാൽ നാവികസേനയും കോസ്റ്റ്ഗാർഡും തീരദേശ െപാലീസും കസ്റ്റംസും സിഐഎസ്എഫും അടക്കമുള്ള 16 ഏജൻസികൾ എങ്ങനെ പ്രവർത്തിക്കും എന്നറിയാനും പഴുതുകളുണ്ടെങ്കിൽ അടയ്ക്കാനുമുള്ളതാണ് ‘സീവിജിൽ 24’.
കേരള തീരത്തെ പ്രധാന സ്ഥലങ്ങൾ, തുറമുഖങ്ങള്‍, സൈനിക കേന്ദ്രങ്ങൾ തുടങ്ങി എവിടെയുമുണ്ടാകാവുന്ന ആക്രമണങ്ങളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നാണ് ‘സീവിജിൽ’ പരിശോധിക്കുക. ടീം റെഡ് എന്ന സൈനികസംഘം ബോട്ടുകളും മറ്റും തട്ടിയെടുത്ത് കേരളത്തിന്റെ തീരമേഖലയിൽ സ്ഫോടകവസ്തുക്കളും മറ്റും സ്ഥാപിക്കാനെത്തും. ഇതിനെ പ്രതിരോധിക്കേണ്ടത് ടീം ബ്ലൂ ആണ്. എന്നാൽ എവിടെയൊക്കെയാണ് ടീം റെഡ് എത്തുക എന്ന് ടീം ബ്ലൂവിന് അറിവുണ്ടാകില്ല. മുതിർന്ന ഏതാനും ഉദ്യോഗസ്ഥർക്ക് മാത്രമാകും ഈ വിവരമുണ്ടാവുക. ടീം റെഡിനെ ഫലപ്രദമായി ടീം ബ്ലൂ തടയുന്നതാണ് ‘സീവിജിൽ 24’. നാളെ രാവിലെ മുതൽ വ്യാഴാഴ്ച രാത്രി വരെ കേരള തീരത്ത് പല ഭാഗങ്ങളിലായി ഇത് അരങ്ങേറും. ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ വി.ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് സീവിജിൽ അരങ്ങേറുന്നത്.