ബ്ലേഡിന്റെ മൂർച്ച, ജീവിതം കുരുക്കിലാക്കി വീണ്ടും മാഞ്ചാ നൂൽ; രണ്ടര വയസ്സുകാരനു ഗുരുതര പരുക്ക്
Mail This Article
ചെന്നൈ ∙ നഗരവാസികളുടെ ജീവിതം കുരുക്കിലാക്കി വീണ്ടും മാഞ്ചാ നൂൽ ഭീഷണി. വ്യാസർപാടി മേൽപാതയിൽ മാതാപിതാക്കൾക്കൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസ്സുള്ള കുട്ടിക്കു കഴുത്തിൽ മാഞ്ചാ നൂൽ കുരുങ്ങി ഗുരുതര പരുക്കേറ്റു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായും 7 തുന്നലുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വ്യാസർപാടിയിൽ മറ്റൊരു സംഭവത്തിൽ നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരു സംഭവങ്ങളിലുമായി, പ്രായപൂർത്തിയാകാത്ത 3 പേരടക്കം 10 പേർ അറസ്റ്റിലായി. നൂറിലേറെ പട്ടങ്ങൾ പൊലീസ് പിടിച്ചെടുത്തു. നഗരത്തിൽ മാഞ്ചാ നൂൽ ഉപയോഗിച്ചു പട്ടം പറത്തുന്നതിനു നിരോധനം നിലനിൽക്കെയാണു വീണ്ടും അപകടങ്ങൾ. മാഞ്ചാ നൂൽ ഉപയോഗിച്ചുള്ള പട്ടത്തിന്റെ നിർമാണം, വിൽപന, പറത്തൽ എന്നിവയെല്ലാം നിരോധിച്ചിരുന്നു. പട്ടം കഴുത്തിൽ കുരുങ്ങി ചിലർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തതോടെയാണു നിരോധനം ഏൽപ്പെടുത്തിയത്.
എന്താണ് മാഞ്ചാ നൂൽ?
കുപ്പിച്ചില്ലു ചേർത്തു നിർമിക്കുന്ന കട്ടിയേറിയ നൈലോൺ പട്ടച്ചരടാണു മാഞ്ചാ നൂൽ. പട്ടം പറത്തൽ മത്സരങ്ങളിൽ എതിരാളിയുടെ പട്ടച്ചരട് അറുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. വലിഞ്ഞുനിൽക്കുന്ന മാഞ്ചാ നൂലിന് ബ്ലേഡിന്റെ മൂർച്ചയുണ്ടാവും. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരത്തിൽ ഇവ വളരെവേഗം മുറിവുണ്ടാക്കും. 2019 നവംബറിൽ കൊറുക്കുപ്പേട്ടിൽ പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത 3 വയസ്സുകാരൻ മാഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി മരിച്ചിരുന്നു.