‘മഹാരാഷ്ട്രയിൽ ബിജെപി പരാജയം ഉറപ്പിച്ചു: കള്ളപ്പണ വിതരണം പരാജയഭീതിയാൽ’
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ ബിജെപി തോൽവി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപ്പണം വിതരണം ചെയ്യാൻ ഇറങ്ങിയതെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മഹാരാഷ്ട്ര എഐസിസി ഇൻചാർജുമായ രമേശ് ചെന്നിത്തല.
‘‘ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ അഞ്ചു കോടി രൂപയുടെ കള്ളപ്പണവുമായി ജനക്കൂട്ടം കയ്യോടെ പിടികൂടിയിരിക്കുന്നു. പരാജയഭീതി പൂണ്ട ബിജെപി സംസ്ഥാനമൊട്ടാകെ കള്ളപ്പണമൊഴുക്കി വോട്ട് വിലയ്ക്കു വാങ്ങി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപ ഇവർ ഒഴുക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഭരണ സംവിധാനത്തെ ഒട്ടാകെ ഇതിനായി ഉപയോഗിക്കുകയാണ്.
പൊലീസ് വാഹനങ്ങളിൽ കള്ളപ്പണം കടത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇക്കാര്യം കാട്ടി മഹാവികാസ് അഘാഡി നേതാക്കൾ തിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാന സർക്കാരിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സംസ്ഥാനമൊട്ടാകെ ഒഴുക്കിയ കള്ളപ്പണത്തിന്റെ വിവരം ശേഖരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാകണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഈ ശ്രമത്തിനെതിരെ ആത്മാഭിമാനമുള്ള മഹാരാഷ്ട്രീയർ ശക്തമായി പ്രതികരിക്കും.’’ - ചെന്നിത്തല പറഞ്ഞു