രുചികളുടെ കൂട്ടുകാരൻ ഇനി ഓർമ; പാചക വിദഗ്ധൻ കണ്ണൻ സ്വാമി അന്തരിച്ചു
Mail This Article
തൃശൂർ∙ സദ്യവട്ടങ്ങളില്‍ രുചിയുടെ മാസ്മരവിദ്യ ചാലിച്ചു ചേര്‍ത്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന് സ്വാമി (52) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവിതാംകുര്‍ മഹാരാജാവില്‍ നിന്നും പട്ടുംവളയും വാങ്ങിയ മുത്തച്ഛന് വെളപ്പായ കൃഷ്ണയ്യരുടെ പാത പിന്തുടര്‍ന്ന കണ്ണന്, രുചിവിഭവങ്ങളുടെ അവസാനവാക്കായിരുന്നു.
പാരമ്പര്യ മൂല്യങ്ങളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് പാചക കലയില്‍ തന്റേതായ വ്യക്തിത്വം സൃഷ്ടിച്ച വ്യക്തിയാണ് കണ്ണന് സ്വാമി. കലോത്സവങ്ങള്‍ക്കും അടുക്കളയൊരുക്കി പ്രശസ്തിനേടി. 1992 മുതല്‍ പാചക മേഖലയില്‍ കാലുറപ്പിച്ച കണ്ണന് സ്വാമി അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉള്‍ക്കൊണ്ടുകൊണ്ട് കാറ്ററിങ് മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. 1994ല്‍ കൃഷ്ണ കാറ്ററിങ് എന്ന പേരിൽ ഒരു ചെറുകിട യൂണിറ്റ് സ്ഥാപിച്ചു. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍ നാഷണല്‍ ക്വാളിറ്റി മാനേജ്മെന്റ് പുരസ്കാരം കൃഷ്ണ കാറ്ററിങ്ങിനു ലഭിച്ചിട്ടുണ്ട്.
2006, 2008, 2009 വര്‍ഷങ്ങളില്‍ സിബിഎസ്ഇ കലോത്സവത്തിനു ഭക്ഷണമൊരുക്കി. കൂടാതെ ക്ഷേത്രാഘോഷങ്ങള്‍ക്കും, പ്രശസ്തമായ ഒല്ലൂര്‍പള്ളി തിരുനാളിനും ആയിരങ്ങള്‍ക്ക് വിഭവങ്ങളൊരുക്കി. ഭാര്യ: മീന. മക്കള്‍: രാഹുല്‍, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 9ന്. മൃതദേഹം പഴയനടക്കാവിലെ വീട്ടിൽ.