ഒരു ഭയവുമില്ല, വിചാരണ നേരിടാൻ തയാർ; ഞാൻ ഇവിടെ തന്നെയുണ്ട്: ആന്റണി രാജു
Mail This Article
തിരുവനന്തപുരം∙ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധിയെങ്കിൽ താൻ വിചാരണ നേരിടാൻ തയാറാണെന്ന് മുൻ മന്ത്രി ആന്റണി രാജു. തൊണ്ടിമുതൽ കേസിലെ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചതിലാണ് ആന്റണി രാജുവിന്റെ പ്രതികരണം.
‘‘നിയമം നിയമത്തിന്റെ വഴിക്ക് പോകും. എനിക്ക് ഒരു ഭയവുമില്ല. ഇതുപോലെയുള്ള പ്രതിസന്ധികളാണ് എന്നെ കൂടുതൽ കരുത്തനാക്കിയിട്ടുള്ളത്. എന്റെ മുന്നോട്ടുള്ള പൊതുപ്രവർത്തനത്തിൽ ഇതു യാതൊരു വിധത്തിലുള്ള കുറവുമുണ്ടാക്കില്ല’’ – ആന്റണി രാജു പറഞ്ഞു.
വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടും. അതിലൊന്നും പ്രശ്നമില്ല. വിധി പകര്‍പ്പിന്‍റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. അതിനുശേഷം ഇക്കാര്യത്തിൽ വിശദമായി പ്രതികരിക്കാം. താൻ ഇവിടെ തന്നെയുണ്ട്. അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്‍റണി രാജു പറഞ്ഞു.
സുപ്രീം കോടതിയുടേത് അബദ്ധ വിധിയാണെന്ന് ആന്‍റണി രാജുവിന്‍റെ അഭിഭാഷകൻ ദീപക് പ്രകാശ് പറഞ്ഞു. ആന്‍റണി രാജു തൊണ്ടിമുതൽ വാങ്ങികൊണ്ടുപോകുന്നതിന് അപേക്ഷ നൽകിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. അപേക്ഷ നൽകിയത് പ്രതിയാണ്. കേസിൽ സാക്ഷി മൊഴിയോ തെളിവുകളോ ഇല്ല. അതിനാൽ തന്നെ വിചാരണ നേരിടണമെന്ന് പറഞ്ഞുള്ള കോടതി വിധി അബദ്ധമാണെന്നും ദീപക് പ്രകാശ് പറഞ്ഞു.