ADVERTISEMENT

തിരുവനന്തപുരം∙ 34 വര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താന്‍ തൊണ്ടിയായ ഉൾവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുന്‍മന്ത്രി ആന്റണി രാജു ഇനി വിചാരണ നേരിടാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തന്നെയാണ് മുന്‍മന്ത്രിക്ക് കേസില്‍ വിനയായത്. കേസിലെ പ്രതിയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുകയാണോ എന്നു സുപ്രീംകോടതി വിമര്‍ശിച്ചതിനു ശേഷമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നും കേസ് ഗുരുതരം ആണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിച്ചു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തള്ളുന്നതു നീതി നടപ്പാക്കുന്നതിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. ആന്റണി രാജുവിനെതിരെയുള്ളത് ഗൗരവ സ്വഭാവമുള്ള ആരോപണങ്ങളാണെന്നും ഇത്തരത്തില്‍ കോടതിക്കെതിരായ നടപടികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കേരള സര്‍ക്കാരിന്റെ നിയമ ഓഫിസര്‍ക്കു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

മറുപടി വൈകിപ്പിച്ചതിനെതിരെ ജസ്റ്റിസ് സി.ടി.രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കേസ് താന്‍ പരിഗണിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജസ്റ്റിസ് രവികുമാര്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം കേസ് ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് കേസിലെ ക്രിമിനല്‍ നടപടി പുനഃസ്ഥാപിച്ച സുപ്രീം കോടതി, സാങ്കേതിക കാരണം പറഞ്ഞ് ക്രിമിനല്‍ നടപടി ഒഴിവാക്കിയതില്‍ കേരള ഹൈക്കോടതിക്കു പിഴവു പറ്റിയെന്നും വ്യക്തമാക്കിയത്. ആന്റണി രാജുവിനെതിരായ കുറ്റപത്രത്തിന്റെ ഉൾസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്നും വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുമാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. 1990ല്‍ നടന്ന സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 2006ലാണ്. 18 വര്‍ഷത്തിനുശേഷമാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. 

34 വർ‌ഷങ്ങൾക്ക് മുൻപ്

1990 ഏപ്രില്‍ 4നാണ് ഉൾവസ്ത്രത്തില്‍ ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. ഇയാളെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താന്‍ തൊണ്ടിയായ ഉൾവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണു കേസ്. കേസില്‍ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

മയക്കുമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ സ്വദേശിയെ കേസില്‍ നിന്നും രക്ഷിക്കാന്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആരോപണം. ആന്റണി രാജുവിന്റെ സീനിയറായ അഭിഭാഷക സെലിന്‍ വില്‍ഫ്രഡാണ് വിദേശിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മയക്കുമരുന്ന് കേസില്‍ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷേ ഹൈക്കോടതി സാര്‍ലിയെ വെറുതെവിട്ടു. ഇയാള്‍ രാജ്യം വിടുകയും ചെയ്തു. പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന ഉൾവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. 

സാല്‍വാദോര്‍ സാര്‍ലി  പിടിയിലായി നാലുമാസത്തിനുശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ടെത്തിയ പോള്‍ എന്നയാള്‍ പ്രതിയില്‍നിന്ന് പിടിച്ചെടുത്ത, കേസുമായി ബന്ധമില്ലാത്ത വസ്തുക്കള്‍ തിരിച്ചുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കോടതി അനുവാദം നല്‍കിയതോടെ ബന്ധുവുമായി അഭിഭാഷകനായ ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തി. മറ്റുവസ്തുക്കള്‍ക്കൊപ്പം കേസിലെ നിര്‍ണായക തെളിവായ, കോടതിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഉൾവസ്ത്രംകൂടി കൈക്കലാക്കിയെന്നാണ് കേസ്. ഇത് അവരുടെ കൈയില്‍ നാലുമാസത്തോളം ഇരുന്നു. വിചാരണ തുടങ്ങുന്നതിനു മുൻപാണ് തിരികെ ഏല്‍പ്പിച്ചത്. അത് പ്രതിയുടേതല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വെട്ടിച്ചെറുതാക്കി കുട്ടികളുടെ അളവിലാക്കി. അങ്ങനെയാണ് ഹൈക്കോടതിയില്‍ കേസ് തോറ്റതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സാധനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും തിരിച്ചുനല്‍കുമ്പോഴും ആന്റണി രാജു തന്നെ ഒപ്പിട്ടു നല്‍കിയ രേഖയാണ് നിര്‍ണായക തെളിവായത്.

തൊണ്ടിമുതലില്‍ കൃത്രിമമുണ്ടായെന്ന് സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ.കെ. ജയമോഹന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് ഹൈക്കോടതി ഭരണവിഭാഗം നിര്‍ദേശിച്ച പ്രകാരം തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ ശിരസ്തദാര്‍ പരാതി നല്‍കി. കേസ് അന്വേഷിച്ച പൊലീസ്, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും  തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസും ചേര്‍ന്നു തിരിമറി നടത്തിയെന്നു കാണിച്ച് 2006 മാര്‍ച്ച് 24 നു വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍ വര്‍ഷങ്ങളോളം കേസ് മുന്നോട്ടുപോയില്ല. 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന ആന്റണി രാജുവിനെതിരായ കേസിലെ തുടര്‍നടപടി സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ആരോപണം ഗുരുതരമാണെന്നും നിയമാനുസൃതം നടപടിക്രമങ്ങള്‍ പാലിച്ചു വീണ്ടും പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാന്‍ തടസ്സമില്ലെന്നും കോടതിക്കു തുടരന്വേഷണം ആകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

ഇതോടെ കേസ് സുപ്രീംകോടതിയിലെത്തി. ആന്റണി രാജുവിനെതിരായ ക്രിമിനല്‍ കേസ് ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ടു രണ്ടു പ്രത്യേകാനുമതി ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. നടപടിക്രമം പാലിച്ചു കേസില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിലെ ഭാഗമാണ് ആന്റണി രാജു ചോദ്യം ചെയ്തത്. എന്നാല്‍, സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരെ നേരത്തേ നിലനിന്ന ക്രിമിനല്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ ഭാഗമാണ് എം.ആര്‍. അജയന്‍ എന്ന പരാതിക്കാരന്‍ ചോദ്യം ചെയ്തത്. ഇതു പരിഗണിച്ച കോടതി ആന്റണി രാജു വിചാരണ നേരിടണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു

English Summary:

Former Minister Antony Raju is now set to face trial in a case related to alleged tampering with evidence in a drug case against an Australian citizen at Thiruvananthapuram Airport 34 years ago.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com