ADVERTISEMENT

മുംബൈ ∙ ആഴ്ചകൾ നീണ്ടുനിന്ന തീപ്പൊരി പ്രചാരണത്തിനൊടുവിൽ മഹാരാഷ്ട്രയിൽ ഇന്നു വോട്ടെടുപ്പ്. രാഷ്ട്രീയ പാർട്ടികളുടെ മത്സരിച്ചുള്ള ക്ഷേമപദ്ധതി പ്രഖ്യാപനങ്ങൾക്കും അവകാശവാദങ്ങൾക്കും നേതാക്കളുടെ വാക്പോരിനുമൊടുവിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിയും ബിജെപി മുന്നണിയായ മഹായുതിയും ജനഹിതം തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. മഹാരാഷ്ട്രയിൽ ആകെ 9 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ ഒരു കോടി വോട്ടർമാരും മുംബൈയിലാണ്. സംസ്ഥാനത്ത് ആകെയുള്ള ഒരു ലക്ഷം പോളിങ് ബൂത്തുകളിൽ പതിനായിരവും മുംബൈയില്‍ തന്നെ.

പല പ്രമുഖ വ്യക്തികളും രാവിലെ തന്നെ സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. ഗവർണർ സി.പി രാധാകൃഷ്ണൻ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ലോക്സഭാംഗം സുപ്രിയെ സുലെ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, നടൻ അക്ഷയ് കുമാർ, ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറും കുടുംബവും എന്നിവരാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.

ക്ഷേമപദ്ധതികളുടെ പരമ്പരയുമായാണ് ഷിൻഡെ സർക്കാർ അധികാരത്തുടർച്ചയ്ക്കായി കളത്തിലുള്ളത്. മുംബൈ അടക്കം നഗരമേഖലകളിൽ കൊണ്ടുവന്ന അടിസ്ഥാനസൗകര്യ വികസനം ഭരണമുന്നണിക്കു ബലമേകുന്നുണ്ട്. അതേസമയം, മറാഠ സംവരണവിഷയം, ദലിത്–ന്യൂനപക്ഷ വോട്ടുകൾ എംവിഎയിലേക്കു ചായാനുള്ള സാധ്യത എന്നിവ എൻഡിഎക്ക് വെല്ലുവിളിയാണ്. കാർഷികമേഖലയിലെ തകർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ ഗ്രാമീണ മേഖലയിലെ ജനഹിതം പ്രതിപക്ഷത്തിന് അനുകൂലമാകാൻ കാരണമായേക്കും. അധികാരം തിരിച്ചുപിടിക്കാൻ രംഗത്തുള്ള മഹാ വികാസ് അഘാഡിയും ഒട്ടേറെ ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

അടിസ്ഥാന പ്രശ്നങ്ങൾ മറന്ന് വാഗ്ദാനപ്പെരുമഴ

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാർട്ടികളെല്ലാം വാഗ്ദാനപ്പെരുമഴയാണ് ചൊരിഞ്ഞിരിക്കുന്നത്. എന്നാൽ, സാധാരണക്കാരുടെ യഥാർഥ പ്രശ്നങ്ങൾ കാര്യക്ഷമമായി അഭിസംബോധന ചെയ്യാൻ ഒരു മുന്നണിയുടെയും ഒരു രാഷ്ട്രീയ പാർട്ടികളുടെയും പ്രകടനപത്രികകൾക്കായിട്ടില്ല. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ ചേരികളുള്ള അവസ്ഥയിലും അവിടത്തെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ ആരും മുന്നോട്ടുവച്ചിട്ടില്ല. കാലങ്ങളായി രാഷ്ട്രീയ പാർട്ടികളുടെ വോട്ടുബാങ്കുകളാണ് ഓരോ ചേരികളും.

സംസ്ഥാനത്തെ ഇടത്തരം സാമ്പത്തികശേഷിയുള്ള കുടുംബങ്ങളെയും എല്ലാവരും മറന്നു. അവരുടെ ആവശ്യങ്ങളോ പ്രതിസന്ധികളോ ആരും ചർച്ചയാക്കിയില്ല. അശാസ്ത്രീയമായ കെട്ടിടനിർമാണം, അറുതിയില്ലാത്ത ഗതാഗത പ്രശ്നങ്ങൾ, അനധികൃത മരംമുറി, വായുമലിനീകരണം, ശബ്ദമലിനീകരണം, ശുദ്ധജല ദൗർലഭ്യം, പരിസ്ഥിതി പ്രശ്നങ്ങൾ, ആരോഗ്യരംഗത്തെ അടിസ്ഥാനപ്രശ്നങ്ങൾ, മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം, ലഹരിവസ്തുക്കളുടെ വ്യാപനം, കുറ്റകൃത്യങ്ങളുടെ വ്യാപനം എന്നിങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ വേറെയുമുണ്ട്. മോഹനവാഗ്ദാനങ്ങൾ വേണ്ടെന്നും തങ്ങളുടെ പ്രധാന പ്രശ്നങ്ങൾ ഇനിയെങ്കിലും പരിഹരിക്കണമെന്നുമാണ് വോട്ടർമാർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com