ശബരിമലയിൽ തിരക്ക് കുറയുന്നു: 51,223 പേർ ദർശനം നടത്തി; സ്പോട് ബുക്കിങ്ങും കുറഞ്ഞു
Mail This Article
ശബരിമല∙ തീർഥാടനകാലം ആരംഭിച്ചശേഷം ഏറ്റവും കുറവ് തീർഥാടകർ ദർശനത്തിന് എത്തിയ ദിവസമായിരുന്നു ബുധനാഴ്ച. രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 51,223 പേരാണ് ദർശനം നടത്തിയത്. ഇതിൽ 2350 പേരാണ് സ്പോട് ബുക്കിങ് വഴി എത്തിയത്. സ്പോട് ബുക്കിങ് വഴി എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. കരിമല, പുല്ലുമേട് കാനന പാതകളിലൂടെ എത്തുന്ന തീർഥാടകരും കുറഞ്ഞു. അഴുതക്കടവ്, കരിമല വഴി 2632 പേരും സത്രം, പുല്ലുമേട് വഴി 1172 പേരുമാണ് ഇതുവരെ ദർശനത്തിനു കാൽ നടയായി എത്തിയത്. അഴുതക്കടവ് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2.30 വരെയും സത്രം വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുമാണ് തീർഥാടകരെ കടത്തിവിടുന്നത്.
മഴയിൽ നനഞ്ഞു കളിച്ചാണ് അയ്യപ്പ ദർശനത്തിനായി രാവിലെ തീർഥാടകർ മല കയറിയത്. പുലർച്ചെ 3 ന് നടതുറന്നപ്പോൾ വലിയ നടപ്പന്തലിൽ ക്യൂ ഉണ്ടായിരുന്നു. എന്നാൽ 4.40 ആയപ്പോഴേക്കും നടപ്പന്തൽ കാലിയായി. വലിയ തിരക്കില്ലാത്തതിനാൽ ഇപ്പോൾ വരുന്നവർക്ക് സുഖദർശനമാണ് ലഭിക്കുന്നത്. മല കയറിയ മിക്കവരും മൂന്നും നാലും തവണ ദർശനം നടത്തുന്നുണ്ട്. അതിനാൽ ശ്രീകോവിലിന്റെ ഭാഗത്തു മാത്രമാണ് തിരക്ക് അനുഭവപ്പെടുന്നത്. പമ്പയിൽ പാർക്കിങ്ങിലും കാര്യമായ തിരക്കില്ല. വരും ദിവസങ്ങളിൽ മഴ കനക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്.