മേഘനാഥന് വിട നൽകി സിനിമാലോകം; അന്ത്യവിശ്രമം അച്ഛന്റെ സ്മൃതി കുടീരത്തിനടുത്ത്
Mail This Article
ഷൊർണൂർ∙ അന്തരിച്ച നടൻ മേഘനാഥന് ജന്മനാട് വിട നൽകി. മൃതദേഹം വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. തറവാട്ടു വീട്ടിൽ പിതാവ് ബാലൻ കെ.നായരുടെ സ്മൃതി കുടീരത്തിന് സമീപത്താണ് അന്ത്യവിശ്രമം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ സിനിമ– സാംസ്കാരിക മേഖലയിലെ പ്രമുഖർ എത്തി. മുൻമന്ത്രി എ.കെ.ബാലൻ, എംഎൽഎമാരായ പി.മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, സിനിമാ താരങ്ങളായ സിജു വിൽസൺ, കോട്ടയം നസീർ, സീമ ജി.നായർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആരാധകരും എത്തി.
വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്ടർ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധയാകർഷിച്ച മേഘനാഥൻ അൻപതോളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. വിഖ്യാത നടൻ ബാലൻ കെ.നായരുടെ മകനാണ്. ഭാര്യ: സുസ്മിത, മകള്‍: പാര്‍വതി.
തിരുവനന്തപുരത്തു ജനിച്ച മേഘനാഥന്റെ പ്രാഥമിക വിദ്യാഭ്യാസം ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽനിന്നായിരുന്നു. കോയമ്പത്തൂരിൽനിന്ന് ഓട്ടമൊബീൽ എൻജീയറിങ്ങിൽ ഡിപ്ലോമ നേടി. 1983 ൽ പി.എൻ.മേനോന്റെ അസ്ത്രം സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. വില്ലൻ വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ക്യാരക്ടർ വേഷങ്ങൾ ലഭിച്ചപ്പോൾ അത് അസാധാരണ മികവോടെ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സിനിമയ്ക്കൊപ്പം കൃഷിയെയും ഇഷ്ടപ്പെട്ടിരുന്ന മേഘനാഥൻ മികച്ച കർഷകൻ കൂടിയായിരുന്നു.
പഞ്ചാഗ്നി, ഉയരങ്ങളിൽ ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.