നഴ്സിങ് വിദ്യാർഥിനിയുടെ മരണം: 3 സഹപാഠികൾ കസ്റ്റഡിയിൽ; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും
Mail This Article
പത്തനംതിട്ട ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ 3 വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ സഹപാഠികളായ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്നാണു സൂചന. ഇതനുസരിച്ച് എഫ്ഐആറിൽ മാറ്റം വരുത്തും. ഇതനുസരിച്ച് എഫ്ഐആറിൽ മാറ്റം വരുത്തും.
ഇന്നലെ വൈകിട്ടോടെ വീടുകളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൊഴിയെടുപ്പ് പൂർത്തിയാക്കിയിരുന്നു.
മൊഴികളിലെ വൈരുധ്യം, ഫോൺ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.അതിനിടെ, ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് അടുത്ത ആഴ്ച കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് വിവരം.
ആരോഗ്യ സർവകലാശാല സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ. വി.വി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ അമ്മുവിന്റെ സഹോദരൻ അഖിൽ സജീവ് അമ്മുവിന്റെ ചികിത്സാ കാര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീഴ്ചയുണ്ടായി എന്ന വിമർശനം ആവർത്തിച്ചു.