ആത്മകഥാ വിവാദം: ഇ.പി.ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി
Mail This Article
കണ്ണൂർ∙ ആത്മകഥാ വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽവച്ചാണ് മൊഴിയെടുത്തത്. പുസ്തക വിവാദം വിശദമായി അന്വേഷിക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്.
ഉപതിരഞ്ഞെടുപ്പു ദിനത്തിലാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി പാർട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ‘കട്ടൻചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിലുള്ള പുസ്തക ഭാഗങ്ങൾ പുറത്തുവന്നത്. രണ്ടാം പിണറായി സർക്കാർ ദുർബലമെന്നു വരെ പുസ്തകത്തിൽ പരാമർശമുണ്ടായിരുന്നു. ആത്മകഥാ ചോർച്ചയിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ജയരാജൻ അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്കു പരാതി നൽകി.
പുസ്തകത്തിന്റെ പ്രചാരണാർഥം ഇറക്കിയ എല്ലാ സമൂഹമാധ്യമ പോസ്റ്റുകളും പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രസാധകർക്കു വക്കീൽ നോട്ടിസും അയച്ചു. ജയരാജന്റെ വിശദീകരണത്തിൽ തൃപ്തിയുണ്ടെന്നും അന്വേഷണം ഇല്ലെന്നുമാണ് പാർട്ടി നിലപാട്.