‘മോദിയും അദാനിയും ഒരുമിച്ച്; അഴിമതി നടത്തിയിട്ടും സ്വതന്ത്രൻ, അദാനിയെ അറസ്റ്റ് ചെയ്യണം’
Mail This Article
ന്യൂഡൽഹി∙ സൗരോർജ കരാറിൽ അഴിമതി ആരോപിച്ച് യുഎസ് കോടതി ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ, അദാനിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനി ഇന്ത്യയുടെയും യുഎസിന്റെയും നിയമങ്ങൾ ലംഘിച്ചെന്ന് ഉറപ്പായെന്നും അദാനിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ ഈ വിഷയം ലോക്സഭയിൽ ഉന്നയിക്കുമെന്നും ജെപിസി അന്വേഷണം ആവശ്യപ്പെടുമെന്നും രാഹുൽ പറഞ്ഞു.
അഴിമതി നടത്തിയ അദാനി ഇപ്പോഴും ഈ രാജ്യത്ത് സ്വതന്ത്രനായി നടക്കുന്നു. ഇത് ഞങ്ങളുടെ വാദങ്ങളെ ശരിവയ്ക്കുന്നു. അതായത് മോദിയും അദാനിയും ഒരുമിച്ചാണ് അഴിമതി നടത്തുന്നതെന്നും മോദി അദാനിയെ സംരക്ഷിക്കുന്നു എന്നതുമാണ്. മോദിയും അദാനിയും ഒരുമിച്ചാണെങ്കിൽ അവർ ഇന്ത്യയിൽ സുരക്ഷിതരാണെന്നും രാഹുൽ പറഞ്ഞു. അദാനിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ സംരക്ഷയായ മാധബി ബുച്ചിനെ സെബിയുടെ തലപ്പത്തുനിന്ന് നീക്കുകയും ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
‘‘സർക്കാർ അദാനിയെ സംരക്ഷിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽവച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ അന്വേഷണത്തിന് വിധേയമാക്കുകയോ ചെയ്യില്ലെന്ന് ഞാൻ ഉറപ്പു പറയാം. ആരാണ് അധികാരത്തിലെന്ന് നോക്കാതെ എല്ലാം സംസ്ഥാനത്തും അദാനിക്കെതിരായ അന്വേഷണം നടത്തണം.’– രാഹുൽ പറഞ്ഞു.