ADVERTISEMENT

കീവ്∙ യുക്രെയ്ൻ നഗരമായ നിപ്രോയിലേക്ക് ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ്യ. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ആദ്യമായാണ് യുദ്ധത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ൻ റഷ്യയിലേക്കു യുഎസ്, ബ്രിട്ടിഷ് മിസൈലുകൾ തൊടുത്തിരുന്നു. 

യുക്രെയ്നെതിരെ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പോടെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ റഷ്യയുടെ ആണവായുധ നയം തിരുത്തുകയും യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് മിസൈലുകൾ പ്രയോഗിച്ചാൽ പാശ്ചാത്യസഖ്യം യുക്രെയ്നിൽ നേരിട്ട് ഇടപെട്ടതായി കണക്കാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. 

33 മാസമായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധം ഇതോടെ കൂടുതൽ സംഘർഷഭരിതമായി. മിസൈലിന്റെ വേഗം പരിഗണിക്കുമ്പോൾ ഇതു ഭൂഖണ്ഡാന്തര മിസൈലാണെന്നു സംശയിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പിന്നീടു യുക്രെയ്ൻ വ്യോമസേന ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യയിലെ ആസ്ട്രഖാൻ മേഖലയിൽനിന്നു തൊടുത്ത മിസൈൽ 700 കിലോമീറ്റർ പിന്നിട്ടാണ് നിപ്രോയിലെത്തിയത്. ആക്രമണത്തിൽ വ്യവസായ സ്ഥാപനം തകരുകയും തീപടരുകയും ചെയ്തു. 

ആർഎസ്–26 റുബേഷ് എന്ന ഭൂഖണ്ഡാന്തര മിസൈലാണിതെന്ന് യുക്രെയ്ൻ മാധ്യമസ്ഥാപനമായ യുക്രെയ്ൻസ്കാ പ്രാവ്‌ദ വെളിപ്പെടുത്തി. 12 വർഷം മുൻപ് ആദ്യമായി വിജയകരമായി പരീക്ഷിച്ച ഈ മിസൈലിന് 12 മീറ്റർ നീളവും 36 ടൺ ഭാരവുമുണ്ട്. 800 കിലോഗ്രാം ആണവായുധം വഹിക്കാൻ ശേഷിയുണ്ട്. ഭൂഖണ്ഡാന്തര മിസൈലിനു പുറമേ ഹൈപർസോണിക് മിസൈലുകളും ക്രൂസ് മിസൈലുകളും റഷ്യ യുക്രെയ്നിലേക്കു തൊടുത്തു. റഷ്യയിലെ കുർസ്ക് മേഖലയിലേക്ക് യുക്രെയ്ൻ ബ്രിട്ടിഷ് നിർമിത ക്രൂസ് മിസൈലുകൾ തൊടുത്തു. 

English Summary:

Tensions escalate as Russia launches an intercontinental ballistic missile towards Ukraine, marking the first use of such a weapon in the conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com