ഇതിനർഥം മൂന്നാം ലോക യുദ്ധം: പുതിയ ആണവ നയവുമായി പുട്ടിൻ, ഇനി 'ചിഗറ്റ്' ബ്രീഫ്കേസ് ഭയാനകമാകും!
Mail This Article
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി 2023ൽ പുട്ടിൻ ചൈനയിലെത്തിയപ്പോൾ ഒരു ചിത്രം പുറത്തുവന്നു. ഒരു കറുത്തപെട്ടി കൈവശമുള്ള റഷ്യൻ നാവികസേന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നടക്കുന്നതായിരുന്നു ചിത്രം.ആണവ ആയുധങ്ങളെ ലോഞ്ച് ചെയ്യാനുളള കമാൻഡിനും നിയന്ത്രണത്തിനുമുള്ള ഓട്ടോമാറ്റിക് സിസ്റ്റത്തിന്റെ ഭാഗമായ "ന്യൂക്ലിയർ സ്യൂട്ട്കേസ്" അതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്ന ആണവശക്തികളായ രാജ്യങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട ആണവപ്പെട്ടികൾ ഉള്ളത് റഷ്യയ്ക്കും യുഎസിനുമാണ് ഇത്തരം പെട്ടികള്‍ ഉള്ളത്. യുക്രെയ്ൻ റഷ്യയ്ക്കുനേരെ യുഎസ്, ബ്രിട്ടീഷ് മിസൈലുകൾ പ്രയോഗിച്ചതിനു പിന്നാലെ ആണവ നയത്തിൽ ചില തിരുത്തലുകൾ വരുത്തിയിരിക്കുകയാണ് പുട്ടിൻ.
ആണവ പ്രതിരോധത്തെക്കുറിച്ചുള്ള റഷ്യൻ ഫെഡറേഷൻ സ്റ്റേറ്റ് പോളിസിയുടെ അടിസ്ഥാന തത്വങ്ങൾ എന്ന തലക്കെട്ടിൽ വ്‌ളാഡിമിർ പുട്ടിൻ റഷ്യയുടെ പുതുക്കിയ ആണവ നയത്തിന് അംഗീകാരം നൽകുന്ന ഉത്തരവിൽ ഒപ്പുവച്ചു. നേരത്തെയുള്ള ആണവ നയത്തിൽ ഭരണകൂടത്തിന്റെ നിലനിൽപ്പിന് ഭീഷണിയായ ആക്രമണം ഉണ്ടായാൽ ആണവായുധങ്ങളുടെ ഉപയോഗം ആരംഭിക്കാമെന്നായിരുന്നു. പുതിയ നയം കൂടുതൽ വ്യക്തത നൽകുന്നു, റഷ്യയുടെ പരമാധികാരത്തിനും അല്ലെങ്കിൽ സമഗ്രയ്ക്കും നേരിട്ട് ഭീഷണിയാകുന്ന ആക്രമണത്തിന് മറുപടിയായി ആണവായുധങ്ങൾ ഉപയോഗിക്കാമെന്ന് പ്രസ്താവിക്കുന്നു.
പുതുതായി ഒപ്പിട്ട നയം അനുസരിച്ച്, ആണവ ശക്തിയുടെ പിന്തുണയുള്ള ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണത്തെ സംയുക്ത ആക്രമണമായി റഷ്യ ഇപ്പോൾ കാണും. റഷ്യയ്‌ക്കോ സഖ്യകക്ഷിയായ ബെലാറസിനോ എതിരായ യുക്രെനിയൻ ആക്രമണം യുഎസ്-യുക്രെയ്ൻ സംയുക്ത ആക്രമണമായി കണക്കാക്കും. ഇത് ആണവ പ്രതികരണത്തിന് കാരണമാകും.
റഷ്യയിലെ സൈനിക കേന്ദ്രങ്ങളിലേക്കു ബ്രിട്ടീഷ് ക്രൂയീസ് മിസൈൽ തൊടുത്ത് യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു .റഷ്യ ഉത്തര കൊറിയൻ സൈനിക സഹായം തേടിയതിനാലാണ് സ്റ്റോം ഷാഡോ മിസൈൽ ഉപയോഗിക്കുന്നതിന് യുകെ അംഗീകാരം നൽകിയത്. യുഎസ് നിർമിച്ച ആർമി ടാക്ടിക്കൽ മിസൈൽ സംവിധാനവും നിലവിൽ റഷ്യക്കുനേരെ യുക്രെയ്ൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ചിഗെറ്റ് എന്ന ആണവ പെട്ടി
ആണവാക്രമണത്തിന് നിർദേശം നൽകാനുള്ളതാണ് ആണവപ്പെട്ടി അഥവാ ന്യൂക്ലിയർ ബ്രീഫ്കേസ്. ‘ചിഗറ്റ്’ എന്നറിയപ്പെടുന്ന ഈ പെട്ടി റഷ്യൻ നാവികസേനാ ഉദ്യോഗസ്ഥരാണ് പരമ്പരാഗതമായി വഹിക്കുന്നത്. റഷ്യയിലെ കബാർ സോവിയറ്റ് കാലഘട്ടത്തിൽ മിഹയിൽ ഗൊർബച്ചോവ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയതിനു ശേഷം 1985ലാണ് ചിഗറ്റ് സജ്ജമായത്. ഒരു പ്രത്യേക ഫ്ലാഷ് കാർഡ് ഉപയോഗിച്ചാണ് ഈ പെട്ടി പ്രവർത്തിപ്പിക്കുന്നത്. ലോഞ്ച്, കാൻസൽ എന്നിങ്ങനെ രണ്ട് ബട്ടണുകൾ ഇതിലുണ്ട്.
റഷ്യൻ സൈന്യത്തിലെ ഉന്നതനേതൃത്വവുമായി സവിശേഷ കാസ്ബെക് ഇലക്ട്രോണിക് സംവിധാനം വഴി ബന്ധപ്പെടാനുള്ള സംവിധാനമാണ് ബ്രീഫ്കേസിൽ. റഷ്യൻ പ്രധാനമന്ത്രിക്കും സംയുക്ത സൈനിക മേധാവിക്കും ഈ പെട്ടികളുണ്ട്. മൂന്നിൽ രണ്ടുപേർ അനുമതി നൽകിയാൽ റഷ്യൻ സേന ആണവായുധം പ്രയോഗിക്കും.1995ൽ ചിഗറ്റ് പ്രവർത്തിപ്പിച്ചിരുന്നെന്ന് അഭ്യൂഹമുണ്ട്. ബോറിസ് യെൽത്സിൻ ആയിരുന്നു അന്ന് റഷ്യൻ പ്രസിഡന്റ്. യുഎസും നോർവേയുമായി നടന്ന സംയുക്ത മിസൈൽ അഭ്യാസം റഷ്യയ്ക്ക് നേരെ ആണവാക്രമണമാണെന്നു തെറ്റിദ്ധരിച്ച് ഒരു അലർട്ട് വന്നതാണു കാരണം. എന്നാൽ താമസിയാതെ ചിഗറ്റ് നിർദേശം റഷ്യ നിർവീര്യമാക്കി.