20 പേർക്ക് പാസിന് 20,000 രൂപ കൈക്കൂലി; അസിസ്റ്റന്റ് ലേബർ കമ്മിഷണർ പിടിയിൽ
Mail This Article
കൊച്ചി∙ കൈക്കൂലി വാങ്ങുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിയായ അസി.ലേബർ കമ്മിഷണർ പിടിയിൽ. കാക്കനാടുള്ള കേന്ദ്ര ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷൻ ഓഫിസിൽ അസി.ലേബർ കമ്മിഷണറായ അജീത് കുമാറാണ് സംസ്ഥാന വിജിലൻസിന്റെ പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ബിപിസിഎല്ലിൽ പലവിധ ജോലികൾക്കായി വരുന്ന കോൺട്രാക്ടർമാർ അടക്കമുള്ളവർക്ക് ഉള്ളിൽ കടക്കാൻ എൻട്രി പാസ് നൽകണം. ഓരോ കോൺട്രാക്ടർമാരുടെയും കീഴിൽ ഒട്ടേറെ തൊഴിലാളികളുണ്ടാകും. ഇവരിൽ ഓരോ തൊഴിലാളിക്കും 1000 രൂപ വീതം വാങ്ങി 20 പേർക്ക് പാസ് കൊടുക്കുന്നതിന് 20,000 രൂപ കൈക്കൂലി വാങ്ങി എന്നാണ് വിജിലൻസ് പറയുന്നത്.
പാസ് നൽകാൻ അജീത് കുമാർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് വിജിലൻസ് എസ്പി എസ്.ശശിധരൻ പറഞ്ഞു. ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി. അജീത് കുമാറിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 7 ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജീത് കുമാർ. ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിലുള്ള കൈക്കൂലി വഴി അജീത് കുമാർ സമ്പാദിച്ചിരുന്നത് എന്ന് വിജിലൻസ് വൃത്തങ്ങള്‍ പറഞ്ഞു.