ADVERTISEMENT

മുംബൈ∙ ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആളെ മഹാരാഷ്ട്ര പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. നാഗ്പൂരിൽ നിന്നാണ് സുമിത് ദിനകർ വാഗ് (26) എന്നയാളെ അറസ്റ്റ് ചെയ്തത്. കേസിലെ 26-ാമത്തെ അറസ്റ്റാണിത്. അന്വേഷണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘം പനജ് സ്വദേശി സുമിത് ദിനകർ വാഗിനെ (26) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ മുംബൈയിലേക്ക് ഉടൻ എത്തിക്കും.‌

കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി ഗുർനൈൽ സിങ്ങിന്റെ സഹോദരൻ നരേഷ്കുമാർ സിങ്ങിനും രൂപേഷ് മൊഹോൾ, ഹരീഷ്കുമാർ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾക്കും പണം കൈമാറിയത് സുമിത് ദിനകർ വാഗ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായ മറ്റൊരു പ്രതിയായ സൽമാൻ വോറയുടെ പേരിൽ റജിസ്റ്റർ ചെയ്ത പുതിയ സിം കാർഡ് ഉപയോഗിച്ചാണ് ഇന്റർനെറ്റ് ബാങ്കിങ് വഴി ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. നവംബർ 17നാണ് കേസിൽ സൽമാൻ വോറയെ അറസ്റ്റ് ചെയ്തത്.

നവംബർ 10ന് ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ നിന്ന് ഷൂട്ടർ ശിവകുമാർ ഗൗതമിനെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ അന്വേഷണത്തിൽ വലിയ വഴിത്തിരിവ് സംഭവിച്ചത്. ഒക്ടോബർ 12 മുതൽ ഒളിവിലായിരുന്ന ഗൗതം നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. അന്വേഷണത്തിൽ ബാന്ദ്ര ഈസ്റ്റിൽ വെടിവയ്പ്പ് നടന്ന സ്ഥലം ശിവകുമാർ ഗൗതം സന്ദർശിച്ചതായും പിന്നീട് സിദ്ദിഖിന്റെ മരണം സ്ഥിരീകരിക്കാൻ ബാന്ദ്ര വെസ്റ്റിലെ ലീലാവതി ആശുപത്രിയിലേക്ക് ഇയാൾ പോയതായും കണ്ടെത്തിയിട്ടുണ്ട്. 

എൻസിപി നേതാവ് ബാബ സിദ്ദിഖി (66) ഒക്‌ടോബർ 12നാണ് വെടിയേറ്റ് മരിച്ചത്. മകന്റെ ഓഫീസിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായവർ തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിൽ ബിഷ്‌ണോയ് സംഘത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

English Summary:

Baba Siddique murder case: Man who provided financial support to suspects arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com