ദുരന്തബാധിതർക്ക് സഹായം നിഷേധിച്ച് കേന്ദ്രം: വയനാട്ടിൽ ഇനി സമരപരമ്പര, കടുപ്പിക്കാൻ ഇരു മുന്നണികളും
Mail This Article
കൽപറ്റ∙ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വയനാട്ടിൽ ഇനി സമരപരമ്പര. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കു കേന്ദ്രം സഹായം നൽകുന്നില്ലെന്നാരോപിച്ച് എൽഡിഎഫും കേന്ദ്രവും സംസ്ഥാനവും സഹായം നൽകുന്നില്ലെന്നാരോപിച്ച് യുഡിഎഫും സമര മുഖത്ത് ഇറങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച ഹർത്താൽ നടത്തിക്കൊണ്ടാണു രണ്ട് മുന്നണികളും സമരം കടുപ്പിക്കാൻ തീരുമാനിച്ചത്.
വ്യാഴാഴ്ച സിപിഐ കൽപറ്റയിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. നൂറുകണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുത്തത്. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും കോഴിക്കോട് ആദായനികുതി ഓഫിസിലേക്കും സിപിഐ മാർച്ച് നടത്തി. എസ്എഫ്ഐയുടെ നേതൃത്വത്തിൽ കൽപറ്റ പോസ്റ്റ് ഓഫിസിനു മുന്നിൽ രാപകൽ ധർണ നടത്തി. സിപിഎം ചൂരൽമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിൽ സത്യഗ്രഹവും നടത്തി. തിരഞ്ഞെടുപ്പു ഫലം വരികയും പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുകയും ചെയ്താൽ സിപിഎം പൂർണമായും സമര രംഗത്തേക്കിറങ്ങാനാണ് ആലോചന.
യുഡിഎഫും വലിയ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. കേന്ദ്രസർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പാർലമെന്റിലും ഡൽഹിയിലും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിഷേധ പരിപാടികൾക്കു നേതൃത്വം നൽകുമെന്ന് ടി.സിദ്ദിഖ് എംഎൽഎ മനോരമ ഓൺലൈനിനോട് പറഞ്ഞു. വലിയ രീതിയിലുള്ള സമരങ്ങളിലേക്കു കടക്കുന്നതിനാണ് യുഡിഎഫ് ആലോചിക്കുന്നത്. അടിയന്തരമായി ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാതെയാണു സംസ്ഥാന സർക്കാർ കേന്ദ്രത്തെ കുറ്റം പറയുന്നത്. തിരച്ചിൽ തുടരുന്നുണ്ടോ, അവസാനിപ്പിച്ചോ എന്നു പോലും ഇതുവരെ സർക്കാർ വ്യക്തമാക്കിയിട്ടില്ല. കാണാതായവരെ മരിച്ചവരായി കണക്കാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. സഹായ വിതരണം മുടങ്ങിയ അവസ്ഥയാണ്. തിരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം യുഡിഎഫ് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരങ്ങൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടാണ് മുന്നണികൾ സമരം ശക്തമാക്കാനൊരുങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ അവഗണന മൂലമാണ് പുനരധിവാസം സാധ്യമാകാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കി നിർത്താനും ബിജെപിക്കെതിരെ പ്രധാന ആയുധമാക്കാനുമാണ് അണിയറയിൽ ആലോചന. ബിജെപിഎയും സിപിഎമ്മിനെയും ആക്രമിക്കാനുള്ള ഏറ്റവും വലിയ ആയുധമാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
അതേസമയം, ആവശ്യത്തിന് ഫണ്ടുണ്ടായിട്ടും സംസ്ഥാന സർക്കാർ ചെലവഴിക്കുന്നില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി. ഇതിനിടെ, വി.മുരളീധരൻ നടത്തിയ പ്രസ്താവനയും വിവാദമായി. ഒരു പഞ്ചായത്തിലെ മൂന്നു വാർഡുകളെ മാത്രമാണു ദുരന്തം ബാധിച്ചതെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് വയനാട്ടിൽ ഉയർന്നത്. യുഡിഎഫും എൽഡിഎഫും ഒരുമിച്ച് ആക്രമിക്കുമ്പോൾ ബിജെപിയുടെ പ്രതിരോധം പലയിടത്തും പാളിപ്പോകുകയാണ്.