ADVERTISEMENT

ന്യൂഡൽഹി∙ സൈബർ ഫിഷിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപ്പെട്ട പണം പലിശ സഹിതം തിരിച്ചു നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്(എസ്ബിഐ) ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഹരേ റാം സിങ് എന്ന ഉപഭോക്താവാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സിങ്ങിന്റെ പരാതി കൈകാര്യം ചെയ്യുന്നതിലും തട്ടിപ്പ് ഇടപാടുകൾ തടയുന്നതിലും എസ്ബിഐ വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തി.

സൈബർ ആക്രമണത്തിന് ഇരയായ സിങ് ഉടൻതന്നെ എസ്ബിഐ കസ്റ്റമർ കെയറിനെയും ബ്രാഞ്ച് മാനേജരെയും വിവരമറിയിച്ചിരുന്നു. എന്നാൽ, യഥാസമയം സഹായം നൽകുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. ഏതാനും മാസങ്ങൾക്കുശേഷം, എസ്ബിഐ സിങ്ങിന്റെ അവകാശവാദം നിരസിക്കുകയും ചെയ്തു. തന്റെ ഫോണിൽ വന്ന ഒരു ലിങ്കിൽ സിങ് ക്ലിക്ക് ചെയ്തതാണ് അനധികൃത ഇടപാടുകളുടെ കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടിയത്. എന്നാൽ എസ്ബിഐയുടെ നിലപാടിനോട് ഹൈക്കോടതി വിയോജിച്ചു.

പരാതിയോടു പ്രതികരിക്കുന്നതിൽ ബാങ്കിന്റെ വീഴ്ച ജസ്റ്റിസ് ധർമേഷ് ശർമ ചൂണ്ടിക്കാട്ടി. സംശയാസ്പദമായ ഇടപാടുകൾ തടയുന്നതിലും വേഗത്തിൽ നടപടിയെടുക്കുന്നതിലും എസ്ബിഐ പരാജയപ്പെട്ടത് സംരക്ഷണ ചുമതലയുടെ ലംഘനമാണെന്ന് കോടതി പറഞ്ഞു. ഡിജിറ്റൽ പണമിടപാട് സുരക്ഷ സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ എസ്ബിഐ പാലിക്കാത്തതും കോടതി എടുത്തുപറഞ്ഞു. ഇടപാടുകൾ ‘സീറോ ലയബിലിറ്റി’ വിഭാഗത്തിന് കീഴിലാണെന്നും നഷ്ടത്തിന് എസ്ബിഐ ബാധ്യസ്ഥമാണെന്നും കോടതി വിധിച്ചു.

സിങ്ങിന് നഷ്ടപ്പെട്ട തുക പലിശ സഹിതം തിരികെ നൽകാനും 25,000 രൂപ ടോക്കൺ നഷ്ടപരിഹാരം നൽകാനും എസ്ബിഐയോട് കോടതി ഉത്തരവിട്ടു.

English Summary:

internet banking fraud; delhi high court ordered sbi must refund the amount lost due to cyber fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com