ADVERTISEMENT

കൈക്കൂലിക്കേസിൽ ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ യുഎസ് നികുതിവകുപ്പ് കുറ്റപത്രം സമർപ്പിക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതോടെ ഇന്നലെ തകർന്നടി‍ഞ്ഞ അദാനി ഗ്രൂപ്പ് ഓഹരികളിൽ ഇന്ന് കരകയറ്റം. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്കു കടക്കുന്നതിനു മുമ്പ് അദാനി എനർജി സൊല്യൂഷൻസ് ഒഴികെയുള്ള കമ്പനികളുടെയും ഓഹരികൾ നേട്ടത്തിലാണുള്ളത്. 

അദാനി എനർജി സൊല്യൂഷൻസ് 3.3% നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു. അംബുജ സിമന്റ് 5.06%, എസിസി 3.59%, ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് 3.12%, അദാനി ഗ്രീൻ എനർജി 2.54%, അദാനി പോർട്സ് 1.53%, അദാനി ടോട്ടൽ ഗ്യാസ് 1.75% എന്നിങ്ങനെ നേട്ടത്തിലാണുള്ളത്. അദാനി പവർ 1.23%, അദാനി വിൽമർ 0.51%, എൻഡിടിവി 1.38% എന്നിങ്ങനെയും ഉയർന്ന് വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ 25% വരെ നിലംപൊത്തുകയും സംയോജിത വിപണിമൂല്യത്തിൽനിന്ന് ഒറ്റദിവസം 2.25 ലക്ഷം കോടിയോളം രൂപ കൊഴിയുകയും ചെയ്തിരുന്നു. 

സൗരോർജ കരാറുകൾ ലഭിക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കൈക്കൂലി വാഗ്ദാനം ചെയ്തെന്നും ഇക്കാര്യം മറച്ചുവച്ച്, കമ്പനി സുതാര്യവും നിയമങ്ങൾ പാലിച്ചുമാണു പ്രവർത്തിക്കുന്നതെന്നു തെറ്റിദ്ധരിപ്പിച്ച് യുഎസ് നിക്ഷേപകരിൽനിന്നു മൂലധനം സമാഹരിച്ചെന്നും കാട്ടിയാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ യുഎസ് നികുതിവകുപ്പ് വഞ്ചന, അഴിമതി, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ചാർത്തി കേസെടുത്തതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും. അദാനി ഗ്രൂപ്പ് യുഎസിലെ കടപ്പത്ര (ബോണ്ട്) വിൽപനയും കേസിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. 60 കോടി ഡോളർ (ഏകദേശം 5,000 കോടി രൂപ) സമാഹരിക്കാനുള്ള നീക്കമാണ് ഉപേക്ഷിച്ചത്.

യുഎസ് നികുതിവകുപ്പ് ചുമത്തിയ കേസ് അടിസ്ഥാനരഹിതമാണെന്നും തെളിവുസഹിതം സ്ഥിരീകരിക്കാത്തിടത്തോളം ആരോപണവിധേയർ നിരപരാധിയാണെന്നും യുഎസിന്റെ നീക്കത്തിനെതിരെ നിയമവഴി തേടുമെന്നും അദാനി ഗ്രൂപ്പ് ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. പൂർണമായും നിയമങ്ങൾ അനുസരിച്ചും സുതാര്യമായുമാണ് കമ്പനിയുടെ പ്രവർത്തനമെന്നും ഗ്രൂപ്പ് പറഞ്ഞിരുന്നു. കേസെടുത്തുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ എസ് ആൻഡ് പി, മൂഡീസ് തുടങ്ങിയ റേറ്റിങ് എജൻസികൾ അദാനി ഗ്രൂപ്പിന്റെ റേറ്റിങ് താഴ്ത്തിയെങ്കിലും ഓഹരികളുടെ ഇന്നത്തെ വ്യാപാരത്തെ ഇത്‌ ഉലച്ചിട്ടില്ല. 

ജിക്യുജിയുടെ ഓഹരിയും നേട്ടത്തിൽ

ഹിൻഡൻബർഗ് ആരോപണം ഉൾപ്പെടെ കനത്ത തിരിച്ചടികളുണ്ടായ സാഹചര്യത്തിൽ വൻതോതിലുള്ള നിക്ഷേപവുമായി അദാനി ഗ്രൂപ്പ് ഓഹരികളുടെ ‘രക്ഷയ്‌ക്കെത്തിയ’ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ്, ഇന്ത്യൻ വംശജനായ രാജീവ് ജെയിൻ നയിക്കുന്ന ജിക്യുജി പാർട്ണേഴ്സ്. അദാനി ഗ്രൂപ്പിനെതിരായ യുഎസിന്റെ നീക്കത്തിനു പിന്നാലെ ഇന്നലെ ഓസ്ട്രേലിയൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജിക്യുജിയുടെ ഓഹരിവിലയും 25% വരെ ഇടിഞ്ഞിരുന്നു. 

കേസിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിലെ നിക്ഷേപം പുനഃപരിശോധിക്കുമെന്ന് ജിക്യുജി വ്യക്തമാക്കിയിരുന്നു. ഇന്ന് ജിക്യുജിയുടെ ഓഹരിവില 15% തിരിച്ചുകയറിയിട്ടുണ്ട്. അദാനി ഗ്രൂപ്പിൽ കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 80,000 കോടി രൂപയോളമാണ് ജിക്യുജി നിക്ഷേപിച്ചിട്ടുള്ളത്.

English Summary:

This article discusses the recovery of Adani Group shares after a sharp decline due to a bribery case filed against its chairman Gautam Adani by the US tax authority.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com