ADVERTISEMENT

പാലക്കാട്∙ യുദ്ധസമാനമായ മത്സരത്തിനെ‍ാടുവിൽ പാലക്കാട്ടെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ സംഘടനാതലത്തിൽ കൂട്ടലും കിഴിക്കലും പൂർത്തിയായി. ആശങ്ക പങ്കുവച്ചും സംശയങ്ങൾ ഉന്നയിച്ചും പിന്നീട് അതെല്ലാം പരിഹരിച്ചും വിട്ടുപോയതു കണ്ടെത്തി പൂരിപ്പിച്ചും യുഡിഎഫും എൻഡിഎയും എൽഡിഎഫും ഏതാണ്ടെ‍ാരു നിഗമനത്തിലെത്തി. ശേഷം കിട്ടുന്ന ചില പുതിയ സൂചനകളും കൂട്ടിനോക്കുന്നുണ്ട്. എല്ലാം വേ‍ാട്ടർ‌മാർ തീരുമാനിച്ചുവെന്ന യാഥാർഥ്യവും അവർ പങ്കുവയ്ക്കുന്നു. ആത്മവിശ്വാസത്തിലാണ് പാർട്ടി ക്യാംപുകൾ. യുഡിഎഫ് തങ്ങൾക്ക് 15,000 വേ‍ാട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്.  കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്ന് എൻഡിഎ നേതൃത്വവും വ്യക്തമാക്കുന്നു.

സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു സ്ഥാനാർഥി തന്ത്രമാണ് പാലക്കാട് നടപ്പാക്കിയതെന്നും രാഷ്ട്രീയമായി ആ തന്ത്രം വിജയിച്ചിട്ടുണ്ടെന്നും സിപിഎം പറയുന്നു. അക്ഷരാർഥത്തിൽ, പാലക്കാട് സാക്ഷിയായത് നാടിളക്കിമറിച്ച മത്സരത്തിനാണ്. തുടക്കം മുതൽ വേ‍ാട്ടെടുപ്പുദിവസം വരെ വിവാദങ്ങളിൽ മുങ്ങിയ ഒരു തിരഞ്ഞെടുപ്പ് ഇതാദ്യമായിരിക്കും. ദിവസങ്ങളേ‍ാളം പാലക്കാട് തിരഞ്ഞെടുപ്പു കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാന രാഷ്ട്രീയവും മുന്നോട്ടു പോയത്.

നഗരസഭയിൽ ലീഡെന്ന് യുഡിഎഫ്; പഞ്ചായത്തുകളിലും വൻ മുന്നേറ്റം

പേ‍ാൾ ചെയ്യപ്പെട്ട വേ‍ാട്ടുകണക്കനുസരിച്ച് ബിജെപി തുടർച്ചയായി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ബിജെപിയെക്കാൾ 3000 ത്തിൽ അധികം വേ‍ാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. തദ്ദേശസ്ഥാപനങ്ങളിലെ ബൂത്തുതല വോട്ടുകൾ അടിസ്ഥാനമാക്കിയാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മുന്നണിയുടെ ഒരുവേ‍ാട്ടും നഷ്ടമാകാതിരിക്കാൻ പ്രവർത്തകർ നടത്തിയ കഠിനപ്രവർത്തനം വൻവിജയം ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭയിൽ ബിജെപി കേന്ദ്രങ്ങളിലാണ് പേ‍ാളിങ് കുറഞ്ഞത്. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ 7000 ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കും. ഭൂരിപക്ഷം 10,000 കടക്കാമെന്ന് വേ‍ാട്ടിങ് കണക്കുകൾ നിരത്തി പ്രധാന നേതാക്കൾ വിലയിരുത്തൽ യേ‍ാഗത്തിൽ പറഞ്ഞു.

രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി ന്യൂനപക്ഷങ്ങൾ ഒന്നടങ്കം മുന്നണിക്കെ‍ാപ്പം നിന്നു. പിരായിരിയിൽ ലീഗ് പേ‍ാക്കറ്റുകളിൽ മുഴുവൻ വോട്ടുകളും കിട്ടി. പഞ്ചായത്തുകളിൽ  കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വേ‍ാട്ട് യുഡിഎഫിന് ഉറപ്പായിട്ടുണ്ട്. മിക്ക ബൂത്തുകളിലും 60 ശതമാനത്തിലധികം പോളിങ് നടന്നു. മാത്തൂരിൽ  4000 വേ‍ാട്ട് രാഹുലിനു കൂടുതൽ കിട്ടുമെന്ന് ബൂത്തുകളിലെ വേ‍ാട്ടിങ് രീതി വിശദീകരിച്ചു നേതാക്കൾ വ്യക്തമാക്കി. പഞ്ചായത്തിലെ ദലിത് പ്രദേശങ്ങളിൽ ഉൾപ്പെടെ അസാധാരണപ്രവർത്തനം നടത്തിയതു ഫലം ചെയ്തു. 

സിപിഎം കേന്ദ്രമായി അറിയപ്പെടുന്ന കണ്ണാടി പഞ്ചായത്തിൽ 1000 വേ‍ാട്ടിലധികം കിട്ടാനുള്ള സാധ്യത കണക്കിലുണ്ട്. പഞ്ചായത്തുകളിൽ സിപിഎം, ബിജെപി പാർട്ടികളിലെ അസംതൃപ്തരായ നിരവധിപ്പേർ യുഡിഎഫിനു വേ‍ാട്ടുചെയ്തു. അതതു പാർട്ടികൾ ഈ വേ‍ാട്ടർമാർക്കെ‍ാപ്പം അവസാനം വരെ നിന്നെങ്കിലും അവരുടെ വേ‍ാട്ടുകൾ പക്ഷേ, രാഹുലിനാണു കിട്ടിയത്. പഞ്ചായത്തുകളിൽ സിപിഎമ്മിലുള്ള വിഭാഗീയതയും കേ‍ാൺഗ്രസിനു ഗുണംചെയ്തു. പാലക്കാട് നഗരസഭയിൽ 67.65 %  ആണ് പേ‍ാളിങ്. അത് 70% കടന്നുവെന്ന് ബിജെപി പ്രചരിപ്പിച്ചത് പാർട്ടി വോട്ടുകൾ നഷ്ടപ്പെട്ടതു മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നഗരസഭയിൽ മെ‍ാത്തം 77,318 വേ‍ാട്ടുകളാണു ചെയ്തത്. ഇ.ശ്രീധരനു കിട്ടിയതിനെക്കാളും ഏതാണ്ട് രണ്ടായിരം വേ‍ാട്ടു കുറവാണിത്. ഗ്രാമങ്ങളിലും രാഹുല്‍ നല്ലെ‍ാരു ശതമാനം വേ‍ാട്ട് ഉറപ്പാക്കി. ബിജെപി സ്വാധീനകേന്ദ്രങ്ങളിലെ ബൂത്തുകളിലാണ് വേ‍ാട്ടിങ് ശതമാനം കുറവ്. പഞ്ചായത്തുകളിലും എൻഡിഎ, എൽഡിഎഫ് സ്വാധീന ബൂത്തുകളിലുമാണ് പേ‍ാളിങ് കമ്മിയായതെന്നാണ് മുതിർന്ന നേതാക്കളടക്കം പങ്കെടുത്ത യേ‍ാഗത്തിന്റെ വിലയിരുത്തൽ. 

കുറഞ്ഞ ഭൂരിപക്ഷത്തിലായാലും വിജയിക്കുമെന്ന് എൻഡിഎ

അഗ്രഹാരഗ്രാമങ്ങളിൽ ഉൾപ്പെടെ നഗരസഭയിൽ ഭൂരിപക്ഷം വേ‍ാട്ടുകളും പഞ്ചായത്തുകളിൽ ഒരു വിഭാഗം കേ‍ാൺഗ്രസ്, സിപിഎം വേ‍ാട്ടുകളും എൻഡിഎയ്ക്കു ലഭിച്ചെന്ന വിലയിരുത്തലിലാണു ബിജെപി ക്യാംപ്. ആർഎസ്എസിന്റെ സഹായത്തേ‍ാടെ താഴേത്തട്ടിൽ നടത്തിയ മികച്ചപ്രവർത്തനവും അനുകൂല രാഷ്ട്രീയ അന്തരീക്ഷവും എൻഡിഎയ്ക്ക് വൻനേട്ടമുണ്ടാക്കി. ഭൂരിപക്ഷം കുറഞ്ഞാലും സി.കൃഷ്ണകുമാർ വിജയിക്കും. ഒറ്റക്കെട്ടായ പ്രവർത്തനത്തിൽ കേ‍ാൺഗ്രസിലും സിപിഎമ്മിലും നേതൃത്വവുമായി ഉടക്കിനിൽക്കുന്നവരുടെ വേ‍ാട്ടുകൾ കൂടി എൻഡിഎയ്ക്കു ലഭിച്ചിട്ടുണ്ടെന്നു നേതാക്കൾ യേ‍ാഗത്തിൽ അവകാശപ്പെട്ടു. ബിജെപി രാഷ്ട്രീയമായി അരലക്ഷം വേ‍ാട്ടുകൾ പിടിക്കും. കൂടാതെയാണ് ഇതരവോട്ടുകൾ. ക്രിസ്ത്യൻ സമുദായത്തിന്റെ വേ‍ാട്ടുകളിൽ കുറെയെണ്ണം മുന്നണിയ്ക്കാണു വന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലുണ്ടായ സന്ദീപ് വാരിയർ വിഷയം സംഘടനയിൽ ഐക്യം ശക്തമാക്കി. പരസ്യവിവാദവും ഗുണം ചെയ്തു. നഗരസഭാപരിധിയിൽ പ്രവർത്തകർ ഒരുമിച്ചു രാപകൽ പ്രവർത്തിച്ചു. കാലങ്ങളായി സംഘടനയ്‌ക്കൊപ്പമുള്ള സമുദായങ്ങളുടെ മുഴുവൻ വോട്ടുകളും ബിജെപിക്കു കിട്ടിയെന്ന് അതതു സംഘടനകൾതന്നെ ഉറപ്പുവരുത്തി. സമുദായത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള എതിർക്യാംപിലെ ശ്രമം പരാജയപ്പെട്ടു.

നഗരത്തിലെ പാർട്ടി സ്വാധീന സ്ഥലങ്ങളിൽ വോട്ടുകൾ ഉറപ്പിക്കാനായെന്ന് നേതാക്കൾ വിലയിരുത്തലിൽ അഭിപ്രായപ്പെട്ടു. ശക്തികേന്ദ്രമായി കേ‍ാൺഗ്രസ് കരുതുന്ന പിരായിരി പഞ്ചായത്തിൽ യുഡിഎഫിന് ഇത്തവണ ഏതാണ്ട് മൂവായിരത്തോളം വേ‍ാട്ടുകൾ കുറയും. അവ എവിടേക്കു പേ‍ാകുമെന്നു പറയാൻ കഴിയില്ല. ബിജെപിക്ക് പഞ്ചായത്തിൽനിന്നു ശരാശരി 7000 വേ‍ാട്ടുകൾ ലഭിക്കും. മുസ്‌ലിം വേ‍ാ‍ട്ടുകളിൽ കൂടുതൽ കേ‌ാൺഗ്രസിനും ബാക്കി സിപിഎമ്മിനും കിട്ടിയിട്ടുണ്ട്. മാത്തൂരിൽ നാലായിരവും കണ്ണാടിയിൽനിന്ന് ഏതാണ്ട് 5000 വേ‍ാട്ടുകളും എൻഡിഎയ്ക്കു കിട്ടിയിട്ടുണ്ടാകുമെന്നും വിലയിരുത്തി. ഒരു വിഭാഗം കേ‍ാൺഗ്രസ്, സിപിഎം പ്രവർത്തകരും കൃഷ്ണകുമാറിനെ‍ാപ്പം നിന്നു. ഉപതിരഞ്ഞെടുപ്പു പ്രവർത്തനം തദ്ദേശ, നിയമസഭാതിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗം കൂടിയാണെന്നു നേതാക്കൾ വിശദീകരിച്ചു. മുതിർന്ന ആർഎസ്എസ്, ബിജെപി പ്രധാന നേതാക്കളും വിസ്താരകരും പങ്കെടുത്ത യേ‍ാഗത്തിലായിരുന്നു വിലയിരുത്തൽ.

വൻമുന്നേറ്റമുണ്ടാക്കും സിപിഎം, നടപ്പാക്കിയത് സ്ഥാനാർഥി രാഷ്ട്രീയതന്ത്രം

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡേ‍ാ.പി.സരിനു മണ്ഡലത്തിൽ വൻ മുന്നേറ്റമുണ്ടാകുംവിധം വേ‍ാട്ടുകൾ ലഭിച്ചതായി സിപിഎം കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർ‌ഥി ഇ.ശ്രീധരന് അധികം കിട്ടിയ 10,000 വേ‍ാട്ട് ആർ‌ക്ക് അധികം പോകുന്നു എന്നതു തിരഞ്ഞെടുപ്പു ഫലത്തിൽ നിർണായകമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേക്കുറിച്ചു വ്യക്തമായ നിരീക്ഷണം സാധ്യമായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. പുതിയ 7000 വേ‍ാട്ടുകളിൽ നല്ലൊരു ശതമാനം എൽഡിഎഫിനു കിട്ടിയെന്നാണു പ്രതീക്ഷ. സ്ഥാനാർഥിയുടെ ഉന്നത വിദ്യാഭ്യാസവും മുൻ തൊഴിൽ പശ്ചാത്തലവും ബിജെപി, കോൺഗ്രസ് അനുഭാവികളായ ഇടത്തരം കുടുംബങ്ങളിലെ വേ‍ാട്ടുകളെ ആകർഷിച്ചിട്ടുണ്ടാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.

പിരായിരിയിൽ കേ‍ാൺഗ്രസിനു വേ‍ാട്ടു വർധിക്കില്ല. അവിടെ എൽഡിഎഫ് സൃഷ്ടിച്ച രാഷ്ട്രീയ ചലനം സ്ത്രീകളുടെയും കന്നിവോട്ടർമാരുടെയും വോട്ട് സരിനു ലഭിക്കാൻ സഹായിച്ചു. തിരഞ്ഞെടുപ്പ് ദിനം രണ്ടുമണിക്കുള്ളിൽ മുന്നണിയുടെ രാഷ്ട്രീയ വേ‍ാട്ടുകൾ മുഴുവൻ ചെയ്യിച്ചു. അനുഭാവികളുടെ വേ‍ാട്ടുകളാണു പിന്നീട് കിട്ടിയത്. മാത്തൂർ പഞ്ചായത്തിൽ 1800, കണ്ണാടിയിൽ 2500 ഉം എൽഡിഎഫിന് ലീഡ് കിട്ടും. പാലക്കാട് നഗരസഭയിൽ ഇതര മുന്നണിക്ക് ഒപ്പം എന്ന പാർട്ടി ലക്ഷ്യം വിജയിച്ചു. തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ കേന്ദ്രമാകാൻ എൽഡിഎഫിനു കഴിഞ്ഞത് വേ‍ാട്ടിൽ പ്രതിഫലിച്ചുവെന്ന വിലയിരുത്തലുമുണ്ട്.

നഗരസഭയിലും മൂന്നു പഞ്ചായത്തുകളിലും പാർട്ടി വേ‍ാട്ടുകൾ പൂർണമായി പേ‍ാൾ ചെയ്യിക്കാനായി. സ്ഥാനാർഥിക്ക് അനുഭാവികളുടെ ഉൾപ്പെടെ 42,000 വേ‍ാട്ടുകൾ വരെ കിട്ടുമെന്നാണു വിലയിരുത്തൽ. അത് 45,000 ആകാനുള്ള സാധ്യതയും ചർച്ചയായി. മണ്ഡലത്തിൽ മുസ്‌ലിം ഏകീകരണം ഉണ്ടായെങ്കിലും സന്ദീപ് വാരിയർ കേ‍ാൺഗസിലെത്തിയത് മുസ്‌ലിം വേ‍ാട്ടുകളിൽ കുറച്ച് യുഡിഎഫിനു നഷ്ടപ്പെടുത്തി. മണ്ഡലത്തിൽ മെ‍ാത്തം പേ‍ാളിങ് 2021–ലേതിനെക്കാൾ അഞ്ചും പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കാൾ മൂന്നും ശതമാനം കുറഞ്ഞു. പാർട്ടിക്കാരും എൽഡിഫ് അനുഭാവികളുമായ മുസ്‌ലിങ്ങളുടെ വേ‍ാട്ട് ഉറപ്പാക്കി. ദൃശ്യ, പത്രമാധ്യമങ്ങളും മുന്നണികളും തിരഞ്ഞെടുപ്പ് ആഘേ‍ാഷമാക്കിയെങ്കിലും വേ‍ാട്ടർമാർക്കിടയിൽ അതു പ്രതിഫലിച്ചില്ലെന്നാണു നേതാക്കളുടെ നിഗമനം. ഉപതിരഞ്ഞെടുപ്പു ഫലം രാഷ്ട്രീയ മാറ്റം ഉണ്ടാക്കില്ല എന്നതുകെ‍ാണ്ടാകാം എന്നതാണ് അതിനുകാരണം.

English Summary:

Palakkad By Election 2024: Confidence in Palakkad's Party Camps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com