ഭക്ഷണശാല പൂട്ടിച്ചത് എഡിജിപിയോ ? സിപിഎമ്മിന് പ്രധാനം പാർട്ടി സമ്മേളനം ! ‘സത്യൻ’ പറഞ്ഞാൽ വോട്ടുചോർച്ച ഇങ്ങനെ
| Wayanad Loksabha Bypoll Election News
Mail This Article
കൽപറ്റ ∙ വയനാട് ഉപതിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിൽ സിപിഐ. 2014ൽ 356,165 വോട്ടു നേടിയ സത്യൻ മൊകേരിക്ക് ഇത്തവണ 2.1 ലക്ഷം വോട്ടാണ് നേടാനായത്. 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ തവണ ആനി രാജ മത്സരിച്ചപ്പോൾ 283,023 വോട്ടും 2019ൽ പി.പി.സുനീർ മത്സരിച്ചപ്പോൾ 274,597 വോട്ടും നേടിയിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടാണ് ഇത്തവണ എൽഡിഎഫിനു ലഭിച്ചത്. എൽഡിഎഫിനു വേണ്ടി ഏറ്റവും കൂടുതൽ വോട്ടു പിടിച്ച ആൾ തന്നെ ഏറ്റവും കുറവ് വോട്ടും നേടി.
∙ മടിച്ചു മടിച്ചു മൊകേരി
വലിയ താൽപര്യമില്ലാതെയാണ് സത്യൻ മൊകേരി മത്സരിക്കാൻ ഇറങ്ങിയത്. പ്രിയങ്ക ഗാന്ധിക്കെതിരെ മോശം സ്ഥാനാർഥിയെ നിർത്തി അനായാസ ജയം അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാർട്ടിയുടെ നിർബന്ധപ്രകാരം സത്യൻ മൊകേരി സ്ഥാനാർഥിയാകുന്നത്. സിപിഐയ്ക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലമാണ് വയനാട്. പതിനായിരത്തിൽ താഴെ മെംബർമാരാണ് മണ്ഡലത്തിൽ സിപിഐക്കുള്ളത്. സിപിഎമ്മിന്റെ വോട്ടും പ്രവർത്തനവും കൊണ്ടാണ് വയനാട്ടിൽ സിപിഐ പിടിച്ചു നിന്നിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വയനാട്ടിലെ സിപിഐയും സിപിഎമ്മും തമ്മിൽ ഐക്യത്തിലായിരുന്നില്ല. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൻമാർ പോലും പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കുമ്പോൾ സിപിഐയുടെ കൊടി മാത്രമേ കാണാനുണ്ടായിരുന്നുള്ളു.
∙ ഒരു ജീപ്പിൽ കൊള്ളാവുന്ന ലക്ഷങ്ങൾ മാത്രം
ചൂരൽമല ഉരുൾപൊട്ടൽ സമയത്ത് ഭക്ഷണശാല പൂട്ടിക്കാൻ എഡിജിപി എം.ആർ.അജിത് കുമാർ ഇടപെട്ടുവെന്നും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു പറഞ്ഞത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. ഇതുൾപ്പെടെ നിരവധി പ്രശ്നങ്ങൾ മുന്നണിക്കുള്ളിൽ പുകയുന്നുണ്ടായിരുന്നു. ചുരക്കത്തിൽ സിപിഎമ്മുകാരാരും കാര്യമായ പ്രചാരണത്തിന് ഇറങ്ങിയില്ല. പ്രചാരണ സമയത്ത് സത്യൻ മൊകേരിക്കൊപ്പം ഒരു വാഹനത്തിലുള്ള ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
∙ കോർണർ യോഗത്തിലും ശ്രദ്ധ പാർട്ടി സമ്മേളനങ്ങൾക്ക്
സിപിഎം പാർട്ടി സമ്മേളനം നടക്കുന്ന സമയമായതിനാൽ പ്രവർത്തകർ ഏറെയും ശ്രദ്ധ ചെലുത്തിയത് പാർട്ടി സമ്മേളനങ്ങൾക്കാണ്. ബ്രാഞ്ച് സമ്മേളനം നടക്കുന്ന സ്ഥലത്ത് നടത്തിയ അലങ്കാരങ്ങൾ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സിപിഎം നടത്തിയില്ല. തോൽക്കുമെന്നുറപ്പായതിനാൽ ഫണ്ടിറക്കാനും സിപിഎമ്മുകാർ മടിച്ചു. കോൺഗ്രസുകാർ രണ്ട് തവണ വീടുകൾ കയറിയപ്പോൾ എൽഡിഎഫുകാർ ഭൂരിഭാഗം സ്ഥലത്തും ഒറ്റത്തവണ പോലും വീടുകളിൽ പോയി വോട്ടു ചോദിച്ചില്ല. മിക്ക വീടുകളിലും സത്യൻ മൊകേരിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് നോട്ടിസ് പോലും കിട്ടിയില്ല. പോളിങ് കുറവ് ഏറ്റവും കൂടുതൽ ബാധിച്ചത് എൽഡിഎഫിനെയാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് സിപിഎമ്മുകാരാണെന്നത് ഇതിൽ നിന്നും വ്യക്തമാണ്. വയനാട്ടിലെ തോൽവി സിപിഐ–സിപിഎം ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്താൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.