ഒരു വയനാടിൻ പ്രിയങ്കാഥ; യുഡിഎഫിന്റെ കണക്ക് കൂട്ടൽ ശരിയാകുന്നു! പോളിങ് കുറച്ചത് എൽഡിഎഫ് വോട്ടുകളോ?
Mail This Article
കൽപറ്റ∙ അഭ്യൂഹങ്ങൾ മലയിറങ്ങി, വയനാട്ടിൽ തുടക്കം മുതൽ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ്. വോട്ടെണ്ണൽ ട്രെൻഡിൽ പ്രിയങ്ക ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയർത്തി. 10.39ന് പ്രിയങ്ക ഗാന്ധി 2,02,117 വോട്ടുകളാണു നേടിയത്. 1,32,366 വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി 69,751 വോട്ടും നവ്യ ഹരിദാസ് 38,316 വോട്ടുമാണ് നേടിയത്. വൻതുടക്കം മുതൽ തിരിച്ചടിയാണ് എൽഡിഎഫും എൻഡിഎയും നേരിടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ വേളയിൽ ഇതേ സമയത്ത് ഇരട്ടി വോട്ടുകൾ എൽഡിഎഫും എൻഡിഎയും നേടിയിരുന്നു. അതോടെ പോളിങ് കുറഞ്ഞത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് പ്രചാരണവും പാളി.
പോളിങ് കുറഞ്ഞത് യുഡിഎഫിനെ സാരമായി ബാധിക്കുമെന്നു കരുതിയെങ്കിലും തിരിച്ചടിയാവുന്നത് എൻഡിഎയ്ക്കും എൽഡിഎഫിനുമാണ്. 2014ൽ യുഡിഎഫ് കോട്ടയെ വിറപ്പിച്ച സത്യൻ മൊകേരിയുെട പ്രകടനം ഇത്തവണ ദയനീയമാണ്. പ്രിയങ്ക ഗാന്ധി രണ്ടു ലക്ഷത്തോളം വോട്ടു നേടിയപ്പോൾ സത്യൻ മൊകേരിക്കു മൂന്നിലൊന്നു വോട്ടുകൾ പോലും നേടാനായില്ല. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഏറെ പിന്നിലാണ്. എൽഡിഎഫിനും എൻഡിഎയ്ക്കും ലഭിക്കേണ്ട വോട്ടുകൾ കൃത്യമായി ലഭിക്കുമെന്നും പോളിങ് കുറഞ്ഞതിനാൽ പ്രിയങ്ക ഗാന്ധിക്ക് അനായാസ വിജയം ലഭിക്കില്ലെന്നുമായിരുന്നു ഇരു മുന്നണികളുടെയും കണക്കുകൂട്ടൽ. അതേസമയം, നാലുലക്ഷം ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ബൂത്തുതല അവലോകനത്തിനുശേഷം കോൺഗ്രസിന്റെ വിലയിരുത്തൽ. അത് ഏറെക്കുറെ ശരിയാകുന്ന തരത്തിലേക്കാണ് വോട്ടെണ്ണൽ നീങ്ങുന്നത്.
എൺപതിനായിരത്തോളം ഉറച്ച വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തിലുള്ളത്. ആ വോട്ടുകൾ മറിഞ്ഞിട്ടില്ല എന്നതാണ് ആദ്യഘട്ട ഫലം വരുമ്പോൾ വ്യക്തമാകുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് എൽഡിഎഫ് നേരിടുന്നത്. പോൾ ചെയ്യപ്പെടാതെ പോയത് കൂടുതലും എൽഡിഎഫ് വോട്ടുകളാണെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ നിലവിലെ അനുമാനം.