ചുരം കയറി പ്രിയങ്കയുടെ ഭൂരിപക്ഷം, രാഹുൽ ഗാന്ധിയെയും മറികടന്നു; പാലക്കാട് ബിജെപിക്ക് വോട്ട് ചോർച്ച?
| Kerala Byelection Results 2024 Live
Mail This Article
തിരുവനന്തപുരം∙ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനും മിന്നും വിജയം. വയനാട്ടിൽ വ്യക്തമായ ആധിപത്യം കാഴ്ചവച്ചായിരുന്നു തുടക്കം മുതൽ പ്രിയങ്കയുടെ തേരോട്ടം. പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിഞ്ഞെങ്കിലും ഒടുവിൽ വമ്പൻ വിജയത്തിലേക്ക് രാഹുൽ എത്തി. ഷാഫിയുടെ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ ആധികാരിക വിജയം. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്, ഇടത് കോട്ട കാത്തു. പാലക്കാട്ടെ ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആധികാരിക വിജയം. നഗരമേഖലയില്‍ ബിജെപി ആധിപത്യം കാണിച്ചെങ്കിലും ആദ്യമണിക്കൂറുകളിലെ വെല്ലുവിളി മറികടന്ന് രാഹുൽ കുതിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ട് കുറഞ്ഞതു പാർട്ടിക്ക് തിരിച്ചടിയായി.
പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നു തന്നെയായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന എൽഡിഎഫ് കണക്കുകൂട്ടലകൾ പിഴച്ചു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയും മങ്ങി.