സ്വിറ്റ്സർലൻഡിൽ വീടു നിർമാണം; അദാനി രാജ്യം വിടുമോ?: സുബ്രഹ്മണ്യൻ സ്വാമിയുടെ കുറിപ്പിൽ ചർച്ച
Mail This Article
ന്യൂഡൽഹി∙ യുഎസ് കോടതിയിൽ കുറ്റപത്രത്തിൽ പേരു വന്നതിനു പിന്നാലെ ഇന്ത്യൻ വ്യവസായി ഗൗതം അദാനി രാജ്യം വിടുമോയെന്ന ചർച്ച സജീവം. കഴിഞ്ഞ ദിവസം സുബ്രഹ്മണ്യൻ സ്വാമി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഇങ്ങനെയൊരു സംശയം ഉയരുന്നത്. അദാനി സ്വിറ്റ്സർലൻഡിൽ വീടു നിർമിക്കുന്നുവെന്നും ഒരു സഹോദരനെ ദുബായിൽ പാർപ്പിച്ചിരിക്കുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അദാനിയുടെ വ്യവസായ സാമ്രാജ്യത്തിനെതിരെ വൻ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സ്വാമിയുടെ കുറിപ്പും ചർച്ചയാകുന്നത്.
കുറിപ്പ് ഇങ്ങനെ: ‘‘ഒരു പ്രവാസിയിൽനിന്ന് അറിഞ്ഞ വിവരമിങ്ങനെ: അദാനി സ്വിറ്റ്സർലൻഡിലാണ് വീടു പണിയുന്നത് – ഇന്ത്യയിലല്ല. എന്തുകൊണ്ട്? ഒരു സഹോദരനെ ദുബായിൽ പാർപ്പിച്ചിരിക്കുന്നു. ഇദ്ദേഹം പാക്ക് പൗരൻ ബാസർ ഷെയൂബുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അങ്ങനെ പണം പതിയെ വിദേശത്തേക്കു മാറ്റുകയാണ്. ഇന്ത്യയെക്കുറിച്ച് അദാനിക്ക് യാതൊരു ചിന്തയുമില്ല. ട്രപ്പീസ് ആർട്ടിസ്റ്റ് ആണ് അദ്ദേഹം.’’
അദാനിയെ ട്രപ്പീസ് ആർട്ടിസ്റ്റ് എന്നു വിശേഷിപ്പിച്ചതിലൂടെ, അദ്ദേഹത്തിന്റെ ഇടപാടുകളിൽ സുതാര്യതയും ഉത്തരവാദിത്തവും ഇല്ലെന്ന മുന്നറിയിപ്പാണ് സ്വാമി നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നീരവ് മോദി, വിജയ് മല്യ എന്നിവരെപ്പോലെ രാജ്യം വിടാനുള്ള നീക്കത്തിലാണോ അദാനി എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.