ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ആക്രമണം: 11 പേർ കൊല്ലപ്പെട്ടു
Mail This Article
ബെയ്റൂട്ട്∙ ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സംഘടനയായ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം. നാലു മിസൈലുകൾ ഉപയോഗിച്ച് എട്ടുനില കെട്ടിടത്തിനുനേർക്കാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ബങ്കറുകൾ തകർക്കുന്ന തരം മിസൈലുകളാണ് ഉപയോഗിച്ചതെന്ന് ലബനന്റെ സുരക്ഷാ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെ കൊലപ്പെടുത്താൻ ഇത്തരം മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെയായിരുന്നു ആക്രമണം.
മധ്യ ബെയ്റൂട്ട് കേന്ദ്രീകരിച്ച് ഈയാഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ ആക്രമണമായിരുന്നു ഇത്. ബെയ്റൂട്ടിലെ ബസ്തയിലാണു സ്ഫോടനങ്ങളുണ്ടായത്. ഒരു കെട്ടിടം പൂർണമായി തകർന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകർന്നുവെന്നും പുറത്തുവന്ന വിഡിയോകളിൽനിന്നു വ്യക്തമാണ്. ഞായറാഴ്ച ഇസ്രയേൽ റാസ് അൽ–നാബ്ബ ജില്ലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.