ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ കൂടുന്നു; ശബരിമലയിൽ തിരക്ക്
Mail This Article
ശബരിമല∙ ഭക്തജന പ്രവാഹത്തിൽ ശബരിമല. ഇന്ന് രാത്രി 9 മണി വരെ 66,456 പേർ ദർശനം നടത്തി. ഇതിൽ 9,822 പേർ സ്പോട് ബുക്കിങ്ങിലൂടെയാണ് എത്തിയത്. രാത്രിയിലും വലിയ നടപ്പന്തലിൽ ദർശനം കാത്ത് ഭക്തരുടെ നിരയുണ്ട്. തിരക്ക് പരിഗണിച്ച് മരക്കൂട്ടത്തിനു സമീപം മൂന്നിടത്ത് ഭക്തരെ നിയന്ത്രിച്ചിരുന്നു. ഒട്ടേറെ പേർ ഒരേ സമയം സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് ഏറെയും. നാളെ അവധി ദിനം ആയതിനാൽ ദർശനം തേടി എത്തുന്നവരുടെ തിരക്ക് ഏറാനാണ് സാധ്യത. ഇന്നലെ 87,216 പേരാണ് മല കയറിയത്. സന്നിധാനത്തേതിനു സമാനമായി പമ്പയിലും നിലയ്ക്കലിലും എല്ലാം വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇവിടങ്ങളിൽ എല്ലാം തിരക്ക് കുറവായിരുന്നു. പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ടെന്നും ഭകതർ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ഇന്നലെ വരെ ദർശനം നടത്തിയത്
15.11.24 - 30,657
16.11.24 - 72,656
17.11.24 - 67,272
18.11.24 - 75,959
19.11.24 - 64,484
20.11.24 - 63,043
21.11.24 - 77,026
22.11.24 - 87,216