പ്രതിപക്ഷ നേതൃസ്ഥാനവും കിട്ടില്ല; മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയെ കാത്ത് മഹാ പ്രതിസന്ധി
| Maharashtra Assembly Election Results 2024
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ ഒരു ഒരു പ്രതിപക്ഷ പാർട്ടിക്കും കഴിഞ്ഞേക്കില്ല. മഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എൻസിപി ശരദ് പവാർ വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാണ് ബിജെപി മിന്നും വിജയം നേടിയത്. ഇതോടെയാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള സാധ്യത അസ്തമിക്കുന്നത്.
288 അംഗ നിയമസഭയിൽ 10 ശതമാനം അല്ലെങ്കിൽ 29 സീറ്റുകൾ ഉള്ള പാർട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാൻ സാധിക്കുക. എന്നാൽ, മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാർട്ടിയ്ക്കും 29 സീറ്റുകൾ ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകൾ പ്രകാരം പ്രതിപക്ഷത്തുള്ള ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 20 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസ് 14 സീറ്റുകളിൽ വിജയിക്കുകയും 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്. ഇതുകൂടി കൂട്ടിയാലും സീറ്റുകളുടെ എണ്ണം 16ൽ ഒതുങ്ങും. എൻസിപി (ശരദ് പവാർ വിഭാഗം 10 സീറ്റുകളിൽ ഒതുങ്ങി.
ഇനി പുറത്തുവരാനുള്ള 8 സീറ്റുകളിലെ അന്തിമ ഫലത്തിൽ ആറിടത്തും മഹായുതി സഖ്യമാണ് ലീഡ് ചെയ്യുന്നത്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, മണിപ്പുർ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും 10 ശതമാനമെങ്കിലും സീറ്റുകളുള്ള പ്രതിപക്ഷ പാർട്ടികൾ ഇല്ലാത്തതിനാൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.