ജയിച്ചതിന് ശേഷം യുഡിഎഫ് ഓഫിസിലേക്കെത്തുന്ന സരിനെയും കാത്ത്: ട്രോളുമായി ജ്യോതികുമാർ ചാമക്കാല
Mail This Article
പാലക്കാട്∙ ട്രോളി ബാഗായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ താരം, വോട്ടെണ്ണലിനുശേഷം ട്രോളുകളായി താരം. ആദ്യട്രോൾ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ വക. പാലക്കാട് തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ആദ്യം യുഡിഎഫ് ഓഫിസിൽ എത്തുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച എൽഡിഎഫ് സ്ഥാനാർഥി പി.സരിനെതിരായിരുന്നു ചാമക്കാലയുടെ ട്രോൾ. ‘‘ പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തുമെന്നറിയിച്ച പി.സരിനെയും കാത്ത്.’’–സരിനെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല സമൂഹമാധ്യമത്തിൽ കുറിച്ചു. നിലവിൽ മൂന്നാം സ്ഥാനത്താണ് സരിൻ.
തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെല്ലിന്റെ കണ്‍വീനറായിരുന്ന സരിൻ പാർട്ടി വിട്ടത്. രാഹുലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിനുശേഷമായിരുന്നു രാജി.
പാലക്കാട് സ്ഥാനാർഥിത്വം ലഭിക്കുമെന്ന് സരിൻ പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ ട്രോളി ബാഗിൽ പണം കൊണ്ടുവന്നെന്ന സിപിഎം–ബിജെപി ആരോപണം വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുർധന്യഘട്ടത്തിലായിരുന്നു വിവാദം. തിരഞ്ഞെടുപ്പിൽ ഈ വിവാദങ്ങളെ അപ്രസക്തമാക്കി രാഹുലിന് മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ ട്രോളി ബാഗുകളും ട്രോളിന്റെ ഭാഗമായി. ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാകുന്നതിനു മുൻപുതന്നെ ട്രോളി ബാഗുകളുമായി യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
ഷാഫി പറമ്പിൽ വടകരയിൽനിന്ന് എംപിയായപ്പോഴാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ 3859 വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വിജയിച്ചത്. ഇ.ശ്രീധരനായിരുന്നു എൻഡിഎ സ്ഥാനാർഥി. എൻഡിഎ രണ്ടാം സ്ഥാനത്തെത്തി. സി.പി.പ്രമോദാണ് സിപിഎമ്മിനായി മത്സരിച്ചത്.