പുതുമുഖം, താരപ്രചാരകരില്ല; എന്നിട്ടും ഒരുലക്ഷത്തിൽ അധികം വോട്ട് നേടി തിളങ്ങി നവ്യ
| Wayanad Loksabha Bypoll Election News - 2024
Mail This Article
വയനാട്∙ പ്രിയങ്ക പ്രഭാവത്തിലും പിടിച്ചുനിന്ന് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ച സ്ഥലത്താണ് വയനാട്ടുകാർക്ക് തീർത്തും അപരിചിതയായ നവ്യ ഹരിദാസ് അപ്രതീക്ഷിതമായി ചുരം കയറി എത്തിയത്. നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിലൂടെ മത്സരരംഗത്തുനിന്ന് എൻഡിഎ പിൻവലിഞ്ഞുവെന്ന തോന്നൽ അണികൾക്കിടയിൽപോലും ഉണ്ടായി. എന്നാൽ പ്രചാരണം തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ വയനാട്ടുകാർക്കിടയിലേക്കിറങ്ങാൻ നവ്യയ്ക്കായി. വയനാട്ടിലെ പാർട്ടി പ്രവർത്തകർ ഒപ്പം നിന്നതോടെ പ്രചാരണത്തിൽ ബഹുദൂരം മുന്നോട്ടു പോകാനുമായി.
മണ്ഡലം രൂപീകരിച്ച 2009ൽ കേവലം മുപ്പതിനായിരത്തിൽപരം വോട്ടുകൾ മാത്രം ലഭിച്ച ബിജെപിയാണ് ഇപ്പോൾ ഒരു ലക്ഷത്തിലധികം വോട്ടുമായി തിളങ്ങുന്നത്. കെ.സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്പോൾ നവ്യ ഹരിദാസ് എല്ലാംകൊണ്ടും പുതുമുഖമാണ്. എന്നിട്ടും 1.1 ലക്ഷത്തോളം വോട്ടു നേടാനായത് വൻ നേട്ടമാണ്. സുരേഷ് ഗോപി മാത്രമാണ് താരപ്രചാരകനായി വയനാട്ടിൽ എത്തിയത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിട്ടുപോലും ദേശീയ നേതാക്കൻമാരും പ്രചാരണത്തിനെത്തിയില്ല. വയനാട്ടിലെ പ്രവർത്തകർ തന്നെയാണു പ്രചാരണം നയിച്ചത്.
കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ മത്സരിച്ചപ്പോൾ ദേശീയ നേതാക്കളുടെ ഒഴുക്കായിരുന്നു വയനാട്ടിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തി. സുരേന്ദ്രനു വേണ്ടി മുക്കിലും മൂലയിലുംവരെ പ്രചാരണം നടത്തുകയും കൂറ്റൻ പോസ്റ്ററുകൾ ഉയർത്തുകയും ചെയ്തു. ആദിവാസി കോളനികളിൽ ബിജെപി പ്രവർത്തകർ വിതരണം ചെയ്ത കിറ്റുകൾ പിടിച്ചെടുത്തതുൾപ്പെടെ വിവാദമായിരുന്നു. എന്നിട്ടും 1,41,045 വോട്ടാണ് നേടാനായത്. എന്നാൽ ഇതൊന്നുമില്ലാതിരുന്നിട്ടും നവ്യ ഹരിദാസ് 1.1 ലക്ഷത്തോളം വോട്ടുകൾ നേടിയത് സാധാരണ പ്രവർത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ്.