‘ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസമുയർത്തി; തിരിച്ചടി പ്രതീക്ഷിച്ചില്ല’
| Maharashtra Assembly Election Results 2024
Mail This Article
മുംബൈ∙ തിരഞ്ഞെടുപ്പിൽ തിരിച്ചടി പ്രതീക്ഷിച്ചതല്ലെന്നും പരാജയ കാരണങ്ങൾ പഠിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും എൻസിപി(എസ്‌പി)അധ്യക്ഷൻ ശരദ് പവാർ. മഹാ വികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘‘ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. കൂടുതൽ ശക്തമായ പ്രവർത്തനം നിയമസഭയിലേക്ക് നടത്തണമായിരുന്നു’’– പവാർ പിടിഐയോട് പറഞ്ഞു.
ശരദ് പവാറിന്റെ സഹോദരന്റെ മകൻ അജിത് പവാറിനെതിരെ, അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്രയെ ബാരാമതിയിൽ മത്സരിപ്പിച്ച തീരുമാനത്തെയും ശരദ് പവാർ ന്യായീകരിച്ചു. അതൊരു തെറ്റായ തീരുമാനമല്ലെന്നും അവിടെ ആരെങ്കിലും മത്സരിക്കേണ്ടതുണ്ടെന്നും ശരദ് പവാർ പറഞ്ഞു. അജിത് പവാറിന്റെ വിജയം അംഗീകരിക്കുന്നു. പക്ഷേ എൻസിപി സ്ഥാപകൻ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ശരദ് പവാർ പറഞ്ഞു.
ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന ‘മഹായുതി’ (എൻഡിഎ) 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 152 നിയമസഭാ സീറ്റിൽ മുന്നിട്ടുനിന്ന മഹാവികാസ് അഘാഡി ഇക്കുറി മൂന്നിലൊന്നു സീറ്റിലേക്കൊതുങ്ങി. അജിത് പവാർ പക്ഷത്തിന് 41 സീറ്റ് ലഭിച്ചപ്പോൾ ശരദ് പവാർ പക്ഷം 10 സീറ്റിലൊതുങ്ങി.