മുഖ്യമന്ത്രി ഷിൻഡെയോ ഫഡ്നാവിസോ? മുന്നണി തീരുമാനിക്കുമെന്ന് നേതാക്കൾ; സത്യപ്രതിജ്ഞ നാളെയെന്ന് സൂചന
Mail This Article
മുംബൈ∙ തിരഞ്ഞെടുപ്പിൽ മഹായുതി മുന്നണിക്ക് മഹാവിജയം ലഭിച്ചതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ നടന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസോ മുഖ്യമന്ത്രിയാകാനാണ് സാധ്യത. കേവല ഭൂരിപക്ഷത്തിന് അടുത്ത് സീറ്റുകൾ നേടിയതിനാൽ ബിജെപിക്ക് സഖ്യകക്ഷികളെ കാര്യമായി ആശ്രയിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ദേവേന്ദ്ര ഫഡ്നാവിസിന് സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയെ മുന്നണി തീരുമാനിക്കുമെന്ന് ഷിൻഡെയും ഫഡ്നാവിസും പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇന്ത്യാസഖ്യത്തെ കടപുഴക്കിയാണ് എൻഡിഎ വിജയിച്ചത്. ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന ‘മഹായുതി’ (എൻഡിഎ) 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റാണ്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റ് നേടി. ആറു മാസം മുൻപത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 152 നിയമസഭാ സീറ്റിൽ മുന്നിട്ടുനിന്ന മഹാവികാസ് അഘാഡി ഇക്കുറി മൂന്നിലൊന്നു സീറ്റിലേക്കൊതുങ്ങി.
യഥാർഥ ശിവസേന തന്റേതെന്നു തെളിയിക്കുന്ന വിജയമാണ് ഏക്നാഥ് ഷിൻഡെ നേടിയത്. ഷിൻഡെ പക്ഷത്തിന് 57 സീറ്റ് ലഭിച്ചപ്പോൾ ഉദ്ധവ് പക്ഷത്തിന് ലഭിച്ചത് 20 സീറ്റ്. എൻസിപിയിലെ പിന്തുടർച്ചപ്പോരിൽ അജിത് പവാർ വെന്നിക്കൊടി പാറിച്ചു. അജിത് പവാർ പക്ഷത്തിന് 41 സീറ്റ് ലഭിച്ചപ്പോൾ ശരദ് പവാർ പക്ഷം 10 സീറ്റിലൊതുങ്ങി. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെയും എൻസിപി ശരദ് പവാർ പക്ഷത്തിന്റെയും രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്നതാണു ഫലം.