മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സർക്കാർ രൂപീകരണ നീക്കങ്ങൾ– ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വിജയം നേടിയ മഹായുതി സഖ്യം മഹാരാഷ്ട്രയിലും ഇന്ത്യാ സഖ്യം ജാർഖണ്ഡിലും സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ചതാണ് ഇന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തകൾ. കേരളത്തിൽ ലോക്സഭാ–നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രതികരണങ്ങളും വാർത്താപ്രാധാന്യം നേടി. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയ സരിനെ ചതിയനെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വിശേഷിപ്പിച്ചത്. തിരിച്ചുവന്നാലും സരിനെ പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടന്മാർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കില്ലെന്ന് അറിയിച്ച് ആലുവ സ്വദേശിനിയായ നടി രംഗത്തെത്തിയതാണ് മറ്റൊരു ശ്രദ്ധേയ വാർത്ത. ശബരിമല നടതുറന്ന് 9 ദിവസങ്ങൾക്കുള്ളിൽ 41 കോടി വരുമാനം നേടി റെക്കോർഡിട്ട വാർത്തയും ശ്രദ്ധിക്കപ്പെട്ടു.
മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ നടന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസോ മുഖ്യമന്ത്രിയാകാനാണ് സാധ്യത. കേവല ഭൂരിപക്ഷത്തിന് അടുത്ത് സീറ്റുകൾ നേടിയതിനാൽ ബിജെപിക്ക് സഖ്യകക്ഷികളെ കാര്യമായി ആശ്രയിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ദേവേന്ദ്ര ഫഡ്നാവിസിന് സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയെ മുന്നണി തീരുമാനിക്കുമെന്ന് ഷിൻഡെയും ഫഡ്നാവിസും പറഞ്ഞു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആർഎസ്എസ് നേതൃത്വം ബിജെപിയോട് നിർദേശിച്ചതായാണ് വിവരം. മഹായുതിയെ അധികാരത്തിലെത്തിക്കുകയും ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർത്തുകയും ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അശ്രാന്ത പരിശ്രമം അംഗീകരിക്കപ്പെടണമെന്നാണ് ആർഎസ്എസ് നിലപാട്.
അതേസമയം, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ഇന്ത്യാസഖ്യ നേതാക്കളുടെ യോഗത്തിനുശേഷമാണ് സോറൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന് ഭരണത്തുടർച്ച ലഭിച്ചിരുന്നു. ഇന്ത്യാ സഖ്യം അംഗബലം 47ല്‍നിന്ന് 56 ആക്കി. ബിജെപിക്ക് 21 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിലും 4 സീറ്റ് കുറഞ്ഞു.
കേരളത്തിൽ നിയമസഭാ–ലോകസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് വിവിധ നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പാർട്ടിയെ നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ച് പോയ പി.സരിൻ ചതിയനാണെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അഭിപ്രായപ്പെട്ടത്. തിരിച്ചുവന്നാലും സരിനെ ഇനി പരിഗണിക്കില്ലെന്നും സരിനെ ഇനി പാർട്ടിക്ക് താൽപ്പര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി ആലുവ സ്വദേശിയായ നടി രംഗത്തെത്തിയതാണ് മറ്റൊരു വാർത്ത. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മനോരമ ന്യൂസിനോടു വ്യക്തമാക്കി. വെള്ളിയാഴ്ചയാണു കേസുകള്‍ പിന്‍വലിക്കുമെന്നു നടി പ്രഖ്യാപിച്ചത്.
ശബരിമല നട തുറന്ന് ഒൻപത് ദിവസം പൂർത്തിയാവുമ്പോൾ വരുമാനത്തിലും തീർഥാടകരുടെ എണ്ണത്തിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 41.64 കോടിയാണ് ഇതുവരെയുള്ള വരുമാനം. മുൻ വർഷത്തെക്കാൾ 13 കോടിയുടെ വർധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.