ചേവായൂര്‍ സഹകരണ ബാങ്ക്: പുതിയ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി∙ കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാന്‍ വിലക്കില്ലെന്ന് ഹൈക്കോടതി. ഈ മാസം 16ന് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും നിരവധി ആളുകള്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും കാണിച്ച് ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ 11 പേരാണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്.
പുതിയ ഭരണസമിതി തീരുമാനമെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷന് ജസ്റ്റിസ് എൻ.നഗരേഷ് നോട്ടിസയച്ചു. ഹർജി പിന്നീട് പരിഗണിക്കും.
ഹര്‍ജിയില്‍ സര്‍ക്കാരിനെ എതിര്‍കക്ഷി ആക്കാത്തതെന്തെന്ന് കോടതി ആരാഞ്ഞു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് അരങ്ങേറിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് ദിവസം അക്രമമുണ്ടായി എന്നുമായിരുന്നു ആക്ഷേപം. കോണ്‍ഗ്രസ് പാനലിലുള്ള സ്ഥാനാര്‍ഥികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും ഹര്‍ജിക്കാർ വാദിച്ചു.
സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ഇത്തവണ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പിന്തുണയോടെയാണ് ബാങ്കിന്റെ അധികാരം പിടിച്ചെടുത്തത്. ഇതിനെതിരെയാണ് ഔദ്യോഗിക പാനലായി മത്സരിച്ച കോൺഗ്രസ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.