ADVERTISEMENT

കൊച്ചി ∙ ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി. നടൻ സിദ്ദിഖിന്റെ കേസിൽ പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനും കോടതി നിർദേശം നൽകി. ഇതിനു പുറമെ, കർശനമായ ജാമ്യ ഉപാധികളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ബാബുരാജിനെതിരെ ഉണ്ടായിരുന്നത്. ‘അമ്മ’ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബാബുരാജിന്റെ റിസോര്‍ട്ടിലെ മുൻ ജീവനക്കാരി കൂടിയായ ജൂണിയർ ആർടിസ്റ്റ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2018 ജനുവരി 1 മുതല്‍ 2019 ഡിസംബർ 31 വരെ പല സമയങ്ങളിലായി ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. 

2017ലാണ് റിസോർട്ടിലെ റിസപ്ഷനിസ്റ്റായി യുവതി ആദ്യമായി ജോലിക്കെത്തുന്നത്. എന്നാൽ ബാബുരാജിന്റെ മകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജോലി രാജിവച്ച് മടങ്ങി. 2018ൽ ബാബുരാജ് ബന്ധപ്പെട്ട് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് മറയൂരിലെത്തി  സിനിമയിൽ പങ്കാളിയായി.  ബാബുരാജിന്റെ റിസോർട്ടില്‍ മാനേജറായി വീണ്ടും ചേർന്നു. ഇതിനിടെയാണ് ബാബുരാജ് പീഡിപ്പിക്കുന്നത്. എന്നാൽ പിന്നീടും ജോലിയിൽ തുടർന്നു. എന്നാൽ ബാബുരാജിന്റെ മകനുമായി വീണ്ടും അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് ജോലി രാജിവച്ചു. 2019ൽ ബാബുരാജ് ബന്ധപ്പെട്ട് സിനിമയിൽ അവസരമുണ്ട് എന്നറിയിച്ചു. ആലുവയിലെ വീട്ടിലെത്തിയ തന്നെ അവിടെ വച്ചും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. 

തുടർന്ന് പ്രത്യേകാന്വേഷണ സംഘത്തിന് യുവതി പരാതി നൽകി. അടിമാലി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി കെട്ടിച്ചമച്ചതാണ് എന്നാണ് ബാബുരാജ് വാദിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ സാഹചര്യം മുതലെടുക്കുകയാണെന്നുമായിരുന്നു ബാബുരാജ് വാദിച്ചത്. മാത്രമല്ല, 2023 വരെ പരാതിക്കാരിയുമായുള്ള സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കി. പരാതി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ബലാത്സംഗ കേസിൽ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ കേസിലും സുപ്രീം കോടതി ഉത്തരവ് ബാധകമാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

English Summary:

Rape Case: Anticipatory bail granted for Baburaj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com