മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തോൽവി: രാജിവച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പഠോളെ
Mail This Article
മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പഠോളെ രാജിവച്ചെന്ന വാർത്തകൾ പുറത്തുവന്നു. പിന്നാലെ രാജിവച്ചിട്ടില്ലെന്ന വിശദീകരണവുമായി പഠോളെ രംഗത്തെത്തി. വാർത്തകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദർഭ മേഖലയിൽ പാർട്ടിയിലേക്കു വോട്ടുകൾ വീഴ്ത്താൻ കെൽപ്പുള്ളയാളെന്നു പ്രതീക്ഷിച്ച പഠോളെ സ്വന്തം മണ്ഡലമായ സാകോലിയിൽ വെറും 208 വോട്ടുകൾക്കാണ് ജയിച്ചത്. ബിജെപിയുടെ അവിനാഷ് ആനന്ദറാവു ബ്രഹ്മാൻകർ ആയിരുന്നു എതിരാളി. മത്സരിച്ച 103 സീറ്റുകളിൽ ആകെ 16 ഇടത്തെ കോൺഗ്രസിന് ജയിക്കാനായുള്ളൂ.
ബാലസാഹബ് തൊറാട്ടിനു പകരക്കാരനായി 2021ലാണ് മുൻ എംപികൂടിയായ പഠോളെ മഹാരാഷ്ട്ര കോൺഗ്രസിന്റെ തലപ്പത്ത് എത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കോണ്‍ഗ്രസിനായി. മത്സരിച്ച 17ൽ 13 ഇടത്തും കോൺഗ്രസ് ജയിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് കോൺഗ്രസായിരുന്നു. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾക്കായി പഠോളെയുടെ നേതൃത്വത്തിൽ വാശിപിടിച്ചത് കോൺഗ്രസ് – ശിവസേന (ഉദ്ധവ്) വിഭാഗക്കാർക്കിടയിൽ അതൃപ്തി പടർത്തിയിരുന്നു. പഠോളെ ഉണ്ടെങ്കിൽ സീറ്റ് ചർച്ചകൾക്ക് ഉദ്ധവ് വിഭാഗം എത്തില്ലെന്നുവരെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഫലം വരുന്നതിനു രണ്ടു ദിവസം മുൻപും കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാ വികാസ് അഘാഡി അധികാരത്തിൽ കയറുമെന്ന് അവകാശവാദം ഉയർത്തിയത് ഉദ്ധവ് വിഭാഗത്തിലെ സഞ്ജയ് റാവുത്ത് ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് ക്ഷണിച്ചുവരുത്തി. എന്നാൽ ഫലം പുറത്തുവന്നപ്പോൾ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം 232 സീറ്റുനേടുകയും മഹാവികാസ് അഘാഡി സഖ്യം 50ൽ താഴെ എത്തുകയും ചെയ്തു. മഹാരാഷ്ട്രയിൽ കോൺഗ്രസ് ഇതുവരെ ഇത്രയും താഴെപ്പോയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 സീറ്റുണ്ടായിരുന്നിടത്ത് ഇത്തവണ വെറും 16 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.