പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനു മുകളിൽ യുവാവിന്റെ നൃത്തം; തള്ളിയിട്ട് പൊലീസ് ‘മാസ്’– വിഡിയോ
Mail This Article
തൃശൂർ ∙ പേരാമംഗലം ആമ്പക്കാട് പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു നൃത്തം ചെയ്ത യുവാവിനെ തള്ളിത്താഴെയിട്ട് പൊലീസ് ഉദ്യോഗസ്ഥൻ. ജീപ്പിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ട പൊലീസിനെ യുവാവ് വെല്ലുവിളിച്ചതോടെയാണ് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർമാരിലൊരാള്‍ ജീപ്പിനു മുകളിൽ കയറിനിന്ന യുവാവിനെ ഒറ്റത്തള്ളിനു താഴേക്കിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ശനിയാഴ്ച രാത്രിയാണ് സംഭവം. ആമ്പക്കാട് പള്ളിപ്പെരുന്നാളിനിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ ഇതിനിടെ യുവാവ് പൊലീസ് ജീപ്പിന് മുകളിൽ കയറി നൃത്തം ചെയ്യുകയായിരുന്നു. പുഴയ്ക്കൽ സ്വദേശി അഭിത്താണ് പൊലീസ് ജീപ്പിന് മുകളിൽ കയറിയത്. താഴേക്ക് തള്ളിയിട്ടതിന് പിന്നാലെ അഭിത്ത് ആൾക്കൂട്ടത്തിനു മുകളിലേക്ക് വീണു. വീഴ്ചയിൽ യുവാവിന് പരുക്കേറ്റിട്ടില്ല.
അഭിത്തടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാട്ടുകര സ്വദേശി ധനൻ, പുഴയ്ക്കൽ സ്വദേശി അജിത്, പരക്കാട്ട് സ്വദേശി എഡ്വിൻ ജോസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവരെ കോടതി റിമാൻഡ് ചെയ്തു. സംഘർഷത്തിൽ 15 പേർക്കെതിരെ പേരാമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.