24 പേരുടെ മൊഴിയെടുത്തു; ശാസ്ത്രീയ പരിശോധനാഫലം കിട്ടിയില്ല: കാഫിർ പ്രയോഗത്തിൽ പൊലീസ് റിപ്പോർട്ട്
Mail This Article
വടകര∙ ലോക്സഭ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസ് റിപ്പോർട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. രാവിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസർ വശമാണ് റിപ്പോർട്ട് കൊടുത്തു വിട്ടത്. അന്വേഷണം പുരോഗമിക്കുകയാണെന്നും 24 പേരുടെ മൊഴി എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളുടെ ഫലം കിട്ടിയിട്ടില്ല. ഇതിനു വേണ്ടി കാത്തിരിക്കുകയാണ്. കേസ് 29ന് കോടതി പരിഗണിക്കും. കേസിൽ പൊലീസ് അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ കാഫിർ എന്നു വിശേഷിപ്പിച്ച് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം താൻ നിരപരാധിയാണെന്നറിയിച്ച് ൈഹക്കോടതിയെ സമീപിച്ചിരുന്നു. ആവശ്യമെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതനുസരിച്ചാണ് കാസിം, അന്വേഷണം എങ്ങുമെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്. ഇതോടെയാണു കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെയും മുഹമ്മദ് കാസിമിന്റെയും ഫോൺ പിടിച്ചെടുത്ത പൊലീസ് ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ ഇവയുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.