ADVERTISEMENT

ടെഹ്റാൻ∙ അറസ്റ്റ് വാറന്റിന് പകരം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ പ്രതികരണം.‘‘അവർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതു പോരാ, ഈ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ തന്നെ നൽകണം.’’– ഇറാൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഖമനയി പറഞ്ഞു.

സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർക്കുകയും ചെയ്യുന്നെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നെതന്യാഹുവിനെതിരായ രാജ്യാന്തര ക്രിമിനൽ കോടതിയുടെ നടപടി. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റവും നെതന്യാഹുവിനും മുൻ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ കോടതി ആരോപിച്ചിട്ടുണ്ട്. ഹമാസ് മിലിട്ടറി കമാൻഡർ മുഹമ്മദ് ദെയ്ഫിനെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഹമ്മദ് ദെയ്ഫ് ജൂലൈയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ കോടതിയുടെ വാദങ്ങളെ ഇസ്രയേലും ഹമാസും നിഷേധിച്ചു.

2023 ഒക്ടോബർ ഏഴിലെ അക്രമ സംഭവങ്ങളിലാണ് കേസ് നടക്കുന്നത്. ഹമാസ് തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തി 1,200 പേരെ കൊലപ്പെടുത്തിയിരുന്നു. 251 പേരെ ബന്ദികളാക്കി. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ 44,000 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനങ്ങളെ ബന്ദികളാക്കി ഉപദ്രവിക്കുക, ബലാത്സംഗം, തടവിൽ പാർപ്പിക്കുക, കൊലപാതകം എന്നിവയാണ് ഹമാസിനെതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ. ജനവാസ മേഖലകളിൽ ആക്രമണം നടത്തി നിരവധി പേരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലിനു നേരെ ആരോപിക്കുന്ന കുറ്റം.

English Summary:

'That's not enough': Iran's Khamenei calls for death sentence for Israel's Benjamin Netanyahu and Gallant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com