സീറ്റെണ്ണത്തിൽ യുഡിഎഫ്; പിടിച്ചെടുത്ത കണക്കിൽ എൽഡിഎഫ്: പിണറായിക്കാലത്തെ ഉപതിരഞ്ഞെടുപ്പുകൾ
Mail This Article
കോട്ടയം ∙ പിണറായി വിജയൻ സർക്കാരുകളുടെ ഭരണകാലത്ത്, എട്ടു വർഷത്തിനിടയിൽ നടന്ന 14 ഉപതിരഞ്ഞെടുപ്പുകളിൽ, സ്കോർ ബോർഡിൽ മുന്നിൽ യുഡിഎഫ്. നിയമസഭയിലേക്കും ലോക്സഭയിലേക്കുമാണ് 2017നും 2024നും ഇടയിൽ ഇത്രയും ഉപതിരഞ്ഞെടുപ്പുകൾ നടന്നത്. അതിൽ ഒൻപതെണ്ണത്തിൽ യുഡിഎഫ് വിജയിച്ചപ്പോൾ, സംസ്ഥാന ഭരണത്തിലുള്ള എൽഡിഎഫിനു വിജയിക്കാനായത് അഞ്ചിൽ മാത്രം. ബിജെപിക്ക് 14 എണ്ണത്തിലും തോൽവി. എട്ടു സിറ്റിങ് സീറ്റുകൾ യുഡിഎഫ് നിലനിർത്തുകയും ഒന്ന് എൽഡിഎഫിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തു. എൽഡിഎഫ് രണ്ടു സീറ്റ് നിലനിർത്തുകയും മൂന്നെണ്ണം യുഡിഎഫിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തു.
∙ മലപ്പുറം വഴി വേങ്ങര
പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ് 2017 ഏപ്രിൽ 12 ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിലായിരുന്നു. മലപ്പും എംപി മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടർന്നായിരുന്നു ഇത്. അന്ന് വേങ്ങര എംഎൽഎയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. എം.ബി. ഫൈസൽ എൽഡിഎഫ് സ്ഥാനാർഥിയും എൻ.ശ്രീപ്രകാശ് എൻഡിഎ സ്ഥാനാർഥിയും. കുഞ്ഞാലിക്കുട്ടി 1.71 ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
സ്കോർ യുഡിഎഫ് 1 - എൽഡിഎഫ്– 0.
മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചതോടെ വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നു. മുസ്‌ലീം ലീഗ് നേതാവായ കെ.എൻ.എ. ഖാദറായിരുന്നു യുഡിഎഫ് സ്ഥാനാർഥി. സിപിഎം പി.പി.ബഷീറിനെയാണു കളത്തിലിറക്കിയത്. ഒക്ടോബർ 11നു നടന്ന തിരഞ്ഞെടുപ്പിൽ 23,300ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ.എൻ.എ. ഖാദർ വിജയിച്ചു.
സ്കോർ യുഡിഎഫ് 2 - എൽഡിഎഫ്– 0.
∙ ചെങ്ങന്നൂരിൽ സജി
സിപിഎം നേതാവും ചെങ്ങന്നൂർ എംഎൽഎയുമായിരുന്ന കെ.കെ. രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്നാണ് 2018 ൽ ചെങ്ങന്നൂർ നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ്. ശ്രീധരൻ പിള്ളയായിരുന്നു എൻഡിഎയ്ക്കു വേണ്ടി കളത്തിൽ ഇറങ്ങിയത്. യുഡിഎഫിനു വേണ്ടി ഡി.വിജയകുമാറും മത്സരിച്ചു. മാർച്ച് 28ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 20,914 വോട്ടുകൾക്ക് സജി ചെറിയാൻ വിജയിച്ചു.
സ്കോർ യുഡിഎഫ് 2 - എൽഡിഎഫ്– 1.
∙ മാണിക്കു പകരം മാണി
കെ.എം. മാണി അന്തരിച്ചതിനെ തുടർന്നാണ് പാലാ നിയമസഭാ മണ്ഡലത്തിൽ 2019 സെപ്റ്റംബർ 23 ന് ഉപതിരഞ്ഞെടുപ്പു നടന്നത്. കെ.എം. മാണിയുടെ പിൻഗാമിയായി ജോസ് ടോം പുലിക്കുന്നേലിനെ ജോസ് കെ. മാണി സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പാർട്ടി ചെയർമാനായിരുന്ന പി.ജെ. ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചില്ല. തുടർന്ന് യുഡിഎഫ് സ്വതന്ത്രനായി പൈനാപ്പിൾ ചിഹ്നത്തിലാണ് ജോസ് ടോമിനു മത്സരിക്കേണ്ടി വന്നത്. എൻസിപിയുടെ മാണി.സി.കാപ്പനെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. ബിജെപിക്കു വേണ്ടി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരിയും മത്സരിച്ചു. വാശിയേറിയ പോരാട്ടത്തിൽ 2943 വോട്ടുകൾക്ക് മാണി സി. കാപ്പൻ വിജയിച്ചു. പാലാ നിയമസഭാ സീറ്റ് 54 വർഷത്തിനുശേഷം എൽഡിഎഫ് പിടിച്ചെടുത്തത് കേരള കോൺഗ്രസിനു (എം) വലിയ തിരിച്ചടിയായി.
സ്കോർ യുഡിഎഫ് 2 - എൽഡിഎഫ്– 2.
∙ മേയർ ബ്രോയും എറണാകുളത്തെ വെള്ളപ്പൊക്കവും
മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിലാണ് 2019 ഒക്ടോബർ 21 ന് ഉപതിരഞ്ഞെടുപ്പു നടന്നത്. മഞ്ചേശ്വരത്ത് ലീഗ് എംഎൽഎ പി.ബി.അബ്ദുൽ റസാഖിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്; മറ്റിടങ്ങളിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി സിറ്റിങ് എംഎൽഎമാർ രാജിവച്ച ഒഴിവിലേക്കും. 2019 മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, വട്ടിയൂർക്കാവ് എംഎൽഎയായിരുന്ന കെ.മുരളീധരൻ വടകര എംപിയായും കോന്നി എംഎൽഎയായിരുന്ന അടൂർ പ്രകാശ് ആറ്റിങ്ങൽ എംപിയായും അരൂർ എംഎൽഎയായിരുന്ന എ.എം. ആരിഫ് ആലപ്പുഴ എംപിയായും എറണാകുളം എംഎൽഎയായിരുന്ന ഹൈബി ഈഡൻ എറണാകുളം എംപിയായും തിരഞ്ഞെടുക്കപ്പെട്ടടെയാണ് ഈ നാലു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർഥിയായി എം.സി. ഖമറുദീനും സിപിഎം സ്ഥാനാർഥിയായി ശങ്കര റായിയും ബിജെപി സ്ഥാനാർഥിയായി രവീശ തന്ത്രി കുണ്ടാറുമാണു മത്സരിച്ചത്. 7,923 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം.സി. ഖമറുദീൻ വിജയിച്ചു. ബിജെപി സ്ഥാനാർഥി രവീശ തന്ത്രിയാണു രണ്ടാം സ്ഥാനത്ത് എത്തിയത്. സിപിഎം സ്ഥാനാർഥി മൂന്നാമതും ആയി.
സ്കോർ യുഡിഎഫ് 3 - എൽഡിഎഫ്– 2.
വട്ടിയൂർക്കാവിൽ ഡോ.കെ മോഹൻകുമാറിനെയാണ് കോൺഗ്രസ് നിർത്തിയത്. സിപിഎം സ്ഥാനാർഥിയായി തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തും ബിജെപി സ്ഥാനാർഥിയായി എസ്. സുരേഷും മത്സരിച്ചു. 14,465 വോട്ടുകൾക്കു വിജയിച്ച വി.കെ. പ്രശാന്ത് മണ്ഡലം യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു.
സ്കോർ യുഡിഎഫ് 3 - എൽഡിഎഫ്– 3.
കോന്നിയിലും വൻ അട്ടിമറിയാണു നടന്നത്. പി.മോഹൻരാജിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. സിപിഎം സ്ഥാനാർഥിയായി കെ.യു. ജെനീഷ് കുമാറും ബിജെപിക്കു വേണ്ടി കെ.സുരേന്ദ്രനും മത്സരത്തിനിറങ്ങി. 9953 വോട്ടുകളുെട ഭൂരിപക്ഷത്തിൽ ജെനീഷ് കൂമാർ മണ്ഡലം തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് കുത്തനെ ഇടിഞ്ഞതും ബിജെപിക്ക് വോട്ട് കുത്തനെ കൂടിയതും പിന്നീട് ചർച്ചായിരുന്നു.
സ്കോർ യുഡിഎഫ് 3 - എൽഡിഎഫ്– 4.
അരൂരിൽ മനു സി. പുളിക്കലിനെയാണ് മണ്ഡലം നിലനിർത്താൻ സിപിഎം രംഗത്തിറക്കിയത്. കോൺഗ്രസിന് വേണ്ടി ഷാനിമോൾ ഉസ്മാനും ബിജെപിക്കു വേണ്ടി കെ.പി. പ്രകാശ് ബാബുവും മത്സരിച്ചു. 2079 വോട്ടുകൾക്ക് ഷാനിമോൾ ഉസ്മാൻ മണ്ഡലം തിരിച്ചുപിടിച്ചു. സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന അരൂരിൽ ഷാനിമോളുടേത് അട്ടിമറി വിജയമായിരുന്നു.
സ്കോർ യുഡിഎഫ് 4 - എൽഡിഎഫ്– 4.
എറണാകുളത്ത് ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദിനെ കോൺഗ്രസ് രംഗത്തിറക്കി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മനു റോയിയും ബിജെപി സ്ഥാനാർഥിയായി സി.ജി. രാജോഗോപാലും എത്തി. വോട്ടെടുപ്പു ദിവസം നഗരത്തിൽ വൻ മഴ പെയ്തതു കാരണം വോട്ടിങ് ശതമാനത്തിൽ കാര്യമായ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3750 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ടി.ജെ. വിനോദ് മണ്ഡലം നിലനിർത്തി.
സ്കോർ യുഡിഎഫ് 5 - എൽഡിഎഫ്– 4.
∙ തൃക്കാക്കരയിൽ പി.ടിയുടെ ഉമ
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലാണ്. എംഎൽഎ പി.ടി. തോമസ് അന്തരിച്ചതിനെ തുടർന്നായിരുന്നു ഇത്. പി.ടിയുടെ ഭാര്യ ഉമാ തോമസിനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.ജോ ജോസഫിനെയും ബിജെപി സ്ഥാനാർഥിയായി എ.എൻ. രാധാകൃഷ്ണനെയും രംഗത്തിറക്കി. ഉമാ തോമസിനു വേണ്ടി അന്നു പ്രചാരണത്തിനിറങ്ങിയവരിൽ വടകര എംഎൽഎ കെ.കെ.,രമയും ഉണ്ടായിരുന്നു. കെ–റെയിൽ വിവാദവും സമരവും കത്തിനിന്ന സമയത്തായിരുന്നു വോട്ടെടുപ്പ്. 25,000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിച്ചു.
സ്കോർ യുഡിഎഫ് 6 - എൽഡിഎഫ്– 4.
∙ പുതുപ്പള്ളിയുടെ ചാണ്ടി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 51 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മനെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായി ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസും ബിജെപി സ്ഥാനാർഥിയായി ജോർജ് കുര്യനും മത്സരിച്ചു. 2023 സെപ്റ്റംബർ 23നു നടന്ന തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസ് മണ്ഡലം നിലനിർത്തി.
സ്കോർ യുഡിഎഫ് 7 - എൽഡിഎഫ്– 4.
∙ ചുരം കയറി പ്രിയങ്ക, പാലക്കാട്ടു മാങ്കൂട്ടത്തിൽ
2024 ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് കേരളം വീണ്ടും ഉപതിരഞ്ഞെടുപ്പു ചൂടിലേക്കു കടന്നത്. റായ്ബറേലി കൂടി വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് വയനാട് ലോക്സഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. രാഹുലിന്റെ പിൻഗാമിയായി പ്രിയങ്കാ ഗാന്ധിയെ എഐസിസി നിയോഗിച്ചു. സിപിഐ സ്ഥാനാർഥിയായി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥിയായി നവ്യ ഹരിദാസും മൽസരിച്ചു. പ്രിയങ്കയുടെ വിജയം സുനിശ്ചിതമായിരുന്ന മത്സരത്തിൽ, ഭൂരിപക്ഷം എത്രയാകുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ആകാംക്ഷ. എന്നാൽ നാലു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷവുമായി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു.
സ്കോർ യുഡിഎഫ് 8 - എൽഡിഎഫ്– 4.
ഷാഫി പറമ്പിൽ വടകര എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് വന്നത്. മണ്ഡലം നിലനിർത്താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കി. സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസ് വിട്ട പി.സരിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കി. ബിജെപിക്കു വേണ്ടി സി.കൃഷ്ണകുമാറും മത്സരിച്ചു. വിവാദങ്ങൾ ഏറെ കണ്ട തിരഞ്ഞെടുപ്പിൽ 18,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. സ്കോർ യുഡിഎഫ് 9 - എൽഡിഎഫ്– 4.
എംഎൽഎ കെ.രാധാകൃഷ്ണൻ ആലത്തൂർ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പു നടന്നത്. മണ്ഡലം നിലനിർത്താനായി മുൻ എംഎൽഎ യു.ആർ. പ്രദീപിനെ സിപിഎം രംഗത്തിറക്കി. മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടു മുൻ എംപി രമ്യ ഹരിദാസിനെ കോൺഗ്രസ് മത്സരിപ്പിച്ചു. ബിജെപിക്കു വേണ്ടി കെ. ബാലകൃഷ്ണനാണു രംഗത്തിറങ്ങിയത്. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച യു.ആർ. പ്രദീപ് മണ്ഡലം ഇടതുപക്ഷത്തു നിലനിർത്തി.
സ്കോർ യുഡിഎഫ് 9 - എൽഡിഎഫ്– 5.
സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിൽ യുഡിഎഫും പിടിച്ചെടുത്ത സീറ്റുകളുടെ കണക്കിൽ എൽഡിഎഫുമാണ് മുന്നിൽ. 2025 ൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും 2026 ൽ നിയമസഭാ തിരഞ്ഞെടുപ്പുമാണ് ഇനി നടക്കുന്നത്.