‘മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; ജമാഅത്തെ ഇസ്‌ലാമിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്’
Mail This Article
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലജല വിഭ്രമമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി.മുജീബ് റഹ്‌മാന്‍. ജമാഅത്തെ ഇസ്‌ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
2024ന് ശേഷമാണോ ജമാഅത്തെ ഇസ്‌ലാമി മതഭീകര സംഘടന ആയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംഘപരിവാര്‍ അജൻഡ ഉയര്‍ത്തി സിപിഎം മുന്നോട്ടു പോകുന്നത് അപകടകരമായ കാര്യമാണ്. യുഡിഎഫും എൽഡിഎഫുമായിട്ടും പല തിരഞ്ഞെടുപ്പുകളിലും ചര്‍ച്ച നടത്തി. ഇത്തവണ പാലക്കാട് യുഡിഎഫുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
2019ഓടെ സിപിഎമ്മുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായി. രാഷ്ട്രീയ നിലപാടിന് അനുസരിച്ചാണ് പിന്തുണ നല്‍കിയത്. വിയോജിക്കുന്ന ഘട്ടത്തിലാണ് ഭീകരവത്കരണം നടക്കുന്നത്. പാലക്കാട്ടെ വിജയം മതേതര ശക്തികളുടെ വിജയമാണ്. ജമാഅത്തെ ഇസ്‌ലാമിയും വിജയത്തില്‍ കഴിയാവുന്ന സംഭാവന നല്‍കിയെന്നും മുജീബ് റഹ്മാൻ പറഞ്ഞു.