യുഡിഎഫ് നേട്ടം 12921 ; എൽഡിഎഫ് നഷ്ടം 17828 ; സതീശന്റെ വിഹിതവും പിണറായിയുടെ കണക്കും : ഈ ട്രെൻഡ് തുടർന്നാൽ..
Mail This Article
വയനാടും പാലക്കാടും വിജയിച്ച കോൺഗ്രസ് രാഷ്ട്രീയ വിജയം അവകാശപ്പെട്ടു കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും എൽഡിഎഫിന്റെ പാതിരാ നാടകവുമാണ് വൻവിജയത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുറന്നടിച്ചു. എന്നാൽ തിരഞ്ഞെടുപ്പു ഫലം എൽഡിഎഫ് സർക്കാരിനുള്ള പിന്തുണ കൂടിയെന്നാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെട്ടു. ബിജെപി കേരളത്തിൽ മികച്ച പ്രകടനം നടത്തിയെന്നാണ് ദേശീയ സെക്രട്ടറി പ്രകാശ് ജാവഡേക്റുടെ മറുപടി. 2026ൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് ജാവഡേക്റുടെ പ്രവചനവും. ഈ അവകാശ വാദങ്ങൾ പൂർണമായും ശരിയാണോ ?
സീറ്റുകളുടെ എണ്ണത്തിൽ യുഡിഎഫും എൽഡിഎഫും തൽസ്ഥിതി നിലനിർത്തിയെന്നു പറയാം. വോട്ടു വിഹിതം നോക്കിയാലോ? പ്രത്യേകിച്ചും ഉപതിരഞ്ഞെടുപ്പുകൾ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും സെമിഫൈനലായി പരിഗണിച്ചാൽ വോട്ടു വിഹിതം സൂചിപ്പിക്കുന്നത് എന്താണ്.
∙ പാലക്കാട് 4310, ചേലക്കര 8611; നേട്ടം യുഡിഎഫിന്
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫും എൽഡിഎഫും തങ്ങളുടെ സീറ്റുകൾ നിലനിർത്തി. ബിജെപി പാലക്കാട്ട് രണ്ടാം സ്ഥാനവും ചേലക്കരയിൽ മൂന്നാം സ്ഥാനവും നിലനിർത്തി. മുന്നണികൾക്കു തൽസ്ഥിതി നിലനിർത്താൻ കഴിഞ്ഞു. എന്നാൽ മുന്നണികൾക്കു ലഭിച്ച വോട്ടു വിശകലനം നടത്തിയാൽ യുഡിഎഫ് വൻ നേട്ടമുണ്ടാക്കിയതായി കാണാം. എൽഡിഎഫിനു വൻ നഷ്ടവും. മുന്നണികൾക്കു ലഭിച്ച വോട്ടുകൾ 2021ലെ തിരഞ്ഞെടുപ്പും ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈ നേടാൻ കഴിഞ്ഞു. ഇരു മണ്ഡലത്തിലും യുഡിഎഫ് വോട്ട് വർധിപ്പിച്ചു.
പാലക്കാട്ട് 4,310 വോട്ടും ചേലക്കരയിൽ 8,611 വോട്ടും യുഡിഎഫിന് കൂടുതൽ ലഭിച്ചു. ഇരു മണ്ഡലങ്ങളിലുമായി 2021 തിരഞ്ഞെടുപ്പിൽ യുഡിഎഫിനു കിട്ടിയത് 98,094 വോട്ട്. ഇതു പോൾചെയ്ത 2,95,419 വോട്ടിന്റെ 33.21%. ഉപതിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലായി പോൾ ചെയ്ത 2,94,546 വോട്ടിൽ 1,11,015 (37.69%) വോട്ട് യുഡിഎഫ് സ്വന്തമാക്കി. 12,921 വോട്ടിന്റെ വർധന രേഖപ്പെടുത്തി. 4.48 ശതമാനം വോട്ടു വർധിച്ചു. 2021 ൽ പാലക്കാട്ട് ഷാഫി പറമ്പിൽ 54,079 വോട്ടാണ് നേടിയത്. രാഹുൽ മാങ്കൂട്ടത്തിൽ ഇത്തവണ 58,389 വോട്ടായി വർധിപ്പിച്ചു. ചേലക്കരയിൽ രമ്യ ഹരിദാസ് പരാജയപ്പെട്ടെങ്കിലും 52,626 വോട്ടു നേടി. 2021ൽ കോൺഗ്രസിലെ സി.സി.ശ്രീകുമാറിന് ലഭിച്ചത് 44,015 വോട്ടാണ്.
∙ 17828 വോട്ടുകൾ എൽഡിഎഫിന് നഷ്ടം
എൽഡിഎഫിന് ചേലക്കര സീറ്റ് നിലനിർത്താൻ കഴിഞ്ഞെങ്കിലും 2021ൽ ലഭിച്ച വോട്ടിൽ ഗണ്യമായി ഇടിവുണ്ടായി. 17,828 വോട്ട് നഷ്ടമായി. ചേലക്കരയിൽ 18,688 വോട്ടു ചോർന്നു. എന്നാൽ, പാലക്കാട് മണ്ഡലത്തിൽ 860 വോട്ടിന്റെ നേട്ടമുണ്ടാക്കി. ആകെ 17,828 വോട്ടു കുറഞ്ഞു. 2021 ൽ ഇരു മണ്ഡലങ്ങളിലായി എൽഡിഎഫ് 1,19,948 വോട്ട് നേടിയിരുന്നു. പോൾ ചെയ്ത വോട്ടിന്റെ 40.60%. ഇക്കുറി ലഭിച്ചത് 1,02,120 (34.67%) വോട്ട്. 5.93 ശതമാനം വോട്ട് നഷ്ടമായി. ചേലക്കരയിൽ 2021ൽ സി.രാധാകൃഷ്ണന് 83,515 വോട്ടു ലഭിച്ച സ്ഥാനത്ത് ഇക്കുറി യു.ആർ.പ്രദീപിന് 64,827 വോട്ടു മാത്രമാണു ലഭിച്ചത്. ഇത്തവണ പാലക്കാട്ട് ഇടതുമുന്നണി സ്ഥാനാർഥി ഡോ.പി. സരിൻ 2021നെ അപേക്ഷിച്ച് 860 വോട്ടു അധികം നേടി.
∙ ബിജെപിയെ രക്ഷിച്ചത് ചേലക്കര
2021ൽ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ പാലക്കാട്ട് നേടിയ 50,220 വോട്ടിന്റെ സ്ഥാനത്ത് ഇക്കുറി 10,671 വോട്ടു കുറഞ്ഞു. സി.കൃഷ്ണകുമാറിനു ലഭിച്ചത് 39,549 വോട്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ ബിജെപി മിന്നുന്ന പ്രകടനമാണ് നടത്തിയത്. 2021 ൽ ഷാജുമോൻ വട്ടേക്കാടിനു ലഭിച്ച 24,045 വോട്ടിന്റെ സ്ഥാനത്ത് കെ.ബാലകൃഷ്ണനു കിട്ടിയത് 33,609 വോട്ട്. 2021ൽ ഇരു മണ്ഡലങ്ങളിലായി 74,265 വോട്ട് നേടി. പോൾ ചെയ്ത വോട്ടിന്റെ 25.14% സ്വന്തമാക്കി. ഇത്തവണ 73,158 (24.84%) വോട്ടായി കുറഞ്ഞു. 1,107 വോട്ടിന്റെ നഷ്ടം. 0.30 ശതമാനത്തിന്റെ മാത്രം കുറവ്.
∙ ഇങ്ങനെ പോയാൽ ഭാവി എന്താകും
2021 ലെ പൊതുതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 45.33% വോട്ട് ലഭിച്ചിരുന്നു. യുഡിഎഫിന് 39.37 ശതമാനവും. എൻഡിഎ 12.47% വോട്ടു നേടിയിരുന്നു. ഉപതിരഞ്ഞെടുപ്പിലെ ട്രെൻഡ് സംസ്ഥാനത്ത് തുടർന്നാൽ മുന്നണികളുടെ സീറ്റു നിലയിൽ വലിയമാറ്റമുണ്ടാവും. 2021 ൽ എൽഡിഎഫ് 99 സീറ്റും യുഡിഎഫിന് 41 സീറ്റും ലഭിച്ചിരുന്നു.