‘ഞങ്ങൾക്ക് ഇവിഎമ്മുകൾ വേണ്ട; ബാലറ്റ് പേപ്പർ മതി’: ഭാരത് ജോഡോ യാത്ര മോഡൽ പ്രചാരണത്തിനായി കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ പ്രതിഷേധിക്കുകയും ബാലറ്റ് പേപ്പറിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യണമെന്ന് പ്രവർത്തകരോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘‘തിരഞ്ഞെടുപ്പിനെ കുറിച്ചു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എല്ലാ ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വോട്ടുകൾ പാഴാകുമെന്ന് ഞാൻ ഉറപ്പായും പറയും. എല്ലാവരും ബാലറ്റ് പേപ്പറിലൂടെ വോട്ട് ആവശ്യപ്പെടണം. അവർ ഇവിഎമ്മുകൾ കൈവശം വയ്ക്കട്ടെ. ഞങ്ങൾക്ക് ഇവിഎമ്മുകൾ വേണ്ട, ബാലറ്റ് പേപ്പർ വേണമെന്നാണ് ആവശ്യം’’ – ഖർഗെ പറഞ്ഞു. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന സംവിധാൻ രക്ഷക് അഭിയാൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലറ്റ് പേപ്പർ വോട്ടിങ്ങിലേക്ക് തിരികെ പോകണമെന്ന ഹർജി സുപ്രീം കോടതി തള്ളിയ അതേ ദിവസം തന്നെയാണ് കോൺഗ്രസ് അധ്യക്ഷന്റെ ആവശ്യം. ബാലറ്റ് പേപ്പർ തിരികെ വേണമെന്ന് എല്ലാവരേയും ബോധവാന്മാരാക്കാൻ ഞങ്ങൾ ഈ പ്രചാരണം ആരംഭിക്കും. ഭാരത് ജോഡോ യാത്ര പോലൊരു പ്രചാരണം ഇതിനായി ആവശ്യമാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളോടും ഞങ്ങൾ സംസാരിക്കുമെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു. ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി ആയിരുന്നു ഖർഗെയുടെ പ്രസംഗം.